കൊച്ചി: ബിനാലെയ്ക്ക് കൊടിയിറങ്ങുമ്പോള്‍ റിയാസ് കോമു തിരികെ എത്തുന്നു. റിയാസ് കോമുവിനെതിരായ ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തിയെന്നും എന്നാല്‍ ആരോപണവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചില്ലെന്നും അഡ്വക്കേറ്റ് തുഷാര ജയിംസ് ഉൾപ്പെടെയുള്ളവർ അംഗങ്ങളായുള്ള ആഭ്യന്തര പരാതി പരിഹാര സമിതി കണ്ടെത്തിയെന്നുമാണ് ബിനാലെ ഫൗണ്ടേഷന്‍ അറിയിക്കുന്നത്.

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ചുമതലകളിൽ റിയാസ് കോമുവിന് തുടരാമെന്ന് ബിനാലെ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു. മീടു ആരോപണത്തെ തുടര്‍ന്ന് റിയാസ് കോമു ഫൗണ്ടേഷനില്‍ നിന്നും മാറി നിൽക്കുകയായിരുന്നു. ബിനാലെയ്ക്ക് നാളെ കൊടിയിറങ്ങാനിരിക്കെയാണ് അദ്ദേഹത്തെ തിരികെ എടുക്കുന്നതായി അറിയിച്ചിരിക്കുന്നത്.

Read More: 2019/03/28 മീ ടൂ ആരോപണം: ബിനാലേ ഫൗണ്ടേഷനില്‍ നിന്ന് റിയാസ് കോമു രാജിവച്ചു

‘ഏതാനും മാസങ്ങളായി സമിതി വിഷയം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ആരോപണങ്ങളുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിക്കാത്തതിനാല്‍ വിഷയം അവസാനിപ്പിക്കാന്‍ സമിതി തീരുമാനമെടുത്തു. ഈ തീരുമാനം വ്യാഴാഴ്ച ചേര്‍ന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗം പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്തു. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ എല്ലാ ചുമതലകളിലും ഇതോടെ റിയാസ് കോമുവിന് തുടരാവുന്നതാണ്,” ട്രസ്റ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പേരുവെളിപ്പെടുത്താത്ത യുവതി ഇന്‍സ്റ്റഗ്രാം പോസ്റ്റ് വഴി റിയാസ് കോമുവിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ഒരു സ്റ്റുഡിയോ വിസിറ്റിന്റെ ഭാഗമായി താന്‍ മുംബൈയില്‍ വച്ച് റിയാസ് കോമുവിനെ കണ്ടിരുന്നുവെന്നും പിന്നീട് അദ്ദേഹത്തിന്റെ ക്ഷണപ്രകാരം കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായെത്തിയ തന്നോട് റിയാസ് കോമു മോശമായി പെരുമാറിയെന്നും പോസ്റ്റില്‍ യുവതി ആരോപിച്ചിരുന്നു. സംഭവത്തില്‍ ക്ഷമാപണം നടത്തി റിയാസ് കോമു രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.