കൊച്ചി: യൂറോപ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ചും പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ച ആളുകൾക്കിടയിലെ രോഗ വ്യാപനം കേരളത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്ന് സംസ്ഥാനത്തിന്റെ കോവിഡ് വിദഗ്ധ സമിതിയംഗം പറഞ്ഞു. കാരണം നിലവില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഒരു വിഭാഗം ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനാണ്.
67.2 ശതമാനം പേര്‍ പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ച ജര്‍മനിയില്‍ വ്യാഴാഴ്ച 50,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് ഏറ്റവും തീവ്രമായി നിലനിന്നിരുന്ന യുകെയില്‍ ഈ വാരം 35,000 ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയിലെ പുതിയ കേസുകളേക്കാള്‍ ആറ് ശതമാനത്തിന്റെ വര്‍ധനവാണ് ഈ വാരത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായത്. മരണ നിരക്കില്‍ 12 ശതമാനത്തിന്റെ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പ് നിര്‍ണായക ഘട്ടത്തിലാണെന്നും വാക്സിനേഷനിലെ പോരായ്മയും നിയന്ത്രണങ്ങളിലെ ഇളവുകളും കാരണം കേസുകള്‍ വര്‍ധിക്കാനിടയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
“മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം യൂറോപ്യൻ രാജ്യങ്ങളുമായി സാമ്യമുള്ളതിനാൽ ആശങ്കാജനകമായ സാഹചര്യമാണ് നിലവില്‍. അവിടെ നടക്കുന്ന കാര്യങ്ങൾക്ക് ഇവിടെ സമാനമായ ഫലങ്ങൾ ഉണ്ടായേക്കാം. എന്തുകൊണ്ടാണ് യൂറോപ്പില്‍ കേസുകള്‍ വര്‍ധിക്കുന്നു എന്നത് പ്രധാന ചോദ്യമാണ്. വാക്‌സിന്റെ ഫലപ്രാപ്തി കുറയുന്നത് കൊണ്ടാണോ? ഇപ്പോൾ അവിടെ തണുപ്പുകാലമായതിനാല്‍ ആളുകള്‍ കൂടുതല്‍ അടുത്ത് ഇടപഴകും. കേസുകളിലെ വര്‍ധനവ് ഇത്തരം സാമൂഹിക ഇടപെടലുകള്‍ മൂലമാകാം, തീര്‍ച്ചയില്ല,” സംസ്ഥാനത്തിന്റ കോവിഡ് വിദഗ്ധ സമിതിയംഗം ഡോ. അനീഷ് ടി.എസ് പറഞ്ഞു.
“സംസ്ഥാനത്തെ 82 ശതമാനം പേർക്കിടയിലും ആന്റിബോഡി സാന്നിധ്യമുണ്ടെന്ന് അവസാനം നടത്തിയ സീറോ പ്രിവലന്‍സ് സര്‍വെയില്‍ വ്യക്തമായിരുന്നു. ഇത് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. എങ്കിലും ജാഗ്രത കൈവിടാന്‍ സമയമായിട്ടില്ല. ഇനി വരാന്‍ സാധ്യതയുള്ള തരംഗങ്ങളെ പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ വാക്സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ള വിഭാഗത്തിലെ 95.3 ശതമാനം ആളുകളും ആദ്യ ഡോസ് കുത്തിവയ്പ്പെടുത്തു. 56.1 ശതമാനം പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞു.
സംസ്ഥാനത്ത് ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍ കേസുകള്‍ വര്‍ധിക്കുന്നത് തുടരുകയാണ്. വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളില്‍ 47 ശതമാനം പേരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണ്. 20 ശതമാനം ആദ്യ ഡോസ് കുത്തിവയ്പ്പെടുത്തവരാണ്. 31 ശതമാനം ആളുകള്‍ വാക്സിനെടുക്കാത്തവരാണ്. എന്നാല്‍ കോവിഡ് രോഗികള്‍ക്ക് ഓക്സിജന്റേയും ഐസിയു ബെഡുകളുടേയും ആവശ്യകത കുറയുന്നത് ആശ്വാസകരമാണ്. ഗുരുതര സ്ഥിതിയിലേക്ക് പോകുന്നതില്‍ നിന്ന് വാക്സിന്‍ സംരക്ഷണം നല്‍കുന്നു എന്നതിന്റെ തെളിവാണിത്.
നവംബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെയുള്ള തിയതികളില്‍ 74,976 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളുടെ ആവശ്യം വന്നത്. 1.4 ശതമാനം പേര്‍ക്ക് ഐസിയുവിന്റെ സഹായവും വേണ്ടി വന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
“ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനുകള്‍ ഗുരുതരമാകാറില്ല. മരണ നിരക്കും കുറവാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് സമാനമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍ കേസുകള്‍ കണ്ടെത്തുന്നത് കുറവാണ്. ഇത്തരം കേസുകളില്‍ ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും വിരളമാണ്. ഇതായിരിക്കാം ഒരു കാരണം. രണ്ട്, സ്വഭാവീകമായ അണുബാധ മറ്റ് സംസ്ഥാനങ്ങളില്‍ വളരെ കൂടുതലാണ്. അതിനാല്‍ അണുബാധ ഉണ്ടാകാത്ത തരത്തിലായിരിക്കും പ്രതിരോധശേഷി. ഒരുതവണ ഡെല്‍റ്റ വകഭേദം പിടിപെട്ടവര്‍ക്ക് പിന്നീട് ബാധിക്കില്ല,” ഡോ. അനീഷ് കൂട്ടിച്ചേര്‍ത്തു.