തിരുവനന്തപുരം: സംസ്ഥാനത്തെ ചില പൊലീസുദ്യോഗസ്ഥർ ജനമൈത്രി, സ്റ്റുഡന്റ് പൊലീസ് പദ്ധതികൾ സ്വന്തം പദ്ധതിയാക്കി അവതരിപ്പിക്കുന്നതിനെതിരെ ഋഷിരാജ് സിംഗ് രംഗത്ത്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് അയച്ച കത്തിൽ ഈ ഉദ്യോഗസ്ഥരുടെ നടപടി കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

സ്റ്റുഡന്റ് പൊലീസ് പദ്ധതിയുടെയും ജനമൈത്ര പൊലീസ് പദ്ധതിയുടെയും ഗുണം ചില ഉദ്യോഗസ്ഥർക്ക് മാത്രമാണ് ലഭിക്കുന്നത്. ഇവർ വിദേശയാത്രകളടക്കം നടത്തുമ്പോൾ മുതിർന്ന ഉദ്യോഗസ്ഥർ അവസരങ്ങളില്ലാതെ വെറുതെ ഇരിക്കുകയാണ്. ജനമൈത്രി, സ്റ്റുഡന്റ് പൊലീസ് പദ്ധതികൾ സ്വന്തം പദ്ധതികളാക്കിയാണ് ഈ ഉദ്യോഗസ്ഥർ നടത്തുന്നതെന്നും ഇവർക്കെതിരെ നടപടി വേണമെന്നും ഋഷിരാജ് സിംഗ് കത്തിൽ ആവശ്യപ്പെട്ടു.

ദേശീയ പൊലീസ്് അക്കാദമി, ദേശീയ പൊലീസ് റിസേർച്ച് സെന്റർ എന്നിവയുടെ സെമിനാറുകളിൽ സ്ഥിരമായി ഒരേ ആളുകളാണ് പങ്കെടുക്കുന്നതെന്ന് ഋഷിരാജ് സിംഗ് ചൂണ്ടിക്കാട്ടി. തങ്ങളെ മാത്രമേ ക്ഷണിക്കാവൂ എന്ന് സംഘാടകരോട് ഈ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു. സംസ്ഥാനം വിട്ടുപോകുന്നതിന് ഇവർ പൊലീസ് മേധാവിയുടെ അനുമതി പോലും വാങ്ങാറില്ലെന്ന് താൻ മനസിലാക്കുന്നുവെന്നും ഋഷിരാജ് സിംഗ് കുറിച്ചു.

സർക്കാർ പദ്ധതി സ്വന്തം പേരിലാക്കുന്ന ഇത്തരം ഉദ്യോഗസ്ഥരുടെ നടപടി പ്രോത്സാഹിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ