ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് കീഴിലെ വിവിധ സുരക്ഷ സേനകളിൽ ഡയറക്ടർ ജനറൽ തസ്തികയിലേക്കുളള ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഋഷിരാജ് സിങ് മാത്രം. ജേക്കബ് തോമസിനും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്കും പട്ടികയിൽ ഇടം ലഭിച്ചില്ല.
സിആർപിഎഫ്, ബിഎസ്എഫ്, റോ, ഇന്റലിജൻസ് ബ്യൂറോ, എൻഐഎ, സിബിഐ തുടങ്ങിയ കേന്ദ്ര സേനകളിലേക്കുളള ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുളള പട്ടികയിലാണ് ഋഷിരാജ് സിങ്ങിന് ഇടം ലഭിച്ചത്. ഇതിന് സമാനമായ മറ്റ് തസ്തികകളിൽ നിയമനത്തിന് അർഹരായവരുടെ പട്ടികയിലാണ് ബെഹ്റയുളളത്.
സീനിയോറിറ്റി, മെറിറ്റി, സർവ്വീസ് കാലത്തെ ഔദ്യോഗിക പ്രവർത്തനം എന്നിവ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. പട്ടികയിൽ ഇടം ലഭിച്ചതിന് പിന്നാലെ ഋഷിരാജ് സിങ് ഡപ്യൂട്ടേഷന് അപേക്ഷ നൽകി.