തിരുവനന്തപുരം: അയ്യപ്പ കര്‍മ്മ സമിതി നടത്തിയ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തിരുന്നുവെന്ന വ്യാജ പ്രചാരണത്തിനെതിരെ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പരാതി നല്‍കി. ഋഷിരാജ് സിങ്ങുമായി രൂപ സാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യജ പ്രചാരണം നടക്കുന്നത്. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ അദ്ദേഹം സൈബര്‍ സെല്ലിലാണ് പരാതി നല്‍കിയത്.
‘ഡിജിപി ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്നു എന്ന അടിക്കുറിപ്പോടെ എന്റെ രൂപ സാദൃശ്യമുളള ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ഇത് ഞാനാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ദുരുദ്ദേശത്തോടെ ആരോ മനപ്പൂര്‍വ്വം ചെയ്തതാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. എന്റെ വ്യാജചിത്രവും അടിക്കുറിപ്പും പോസ്റ്റ് ചെയ്തവരെ കണ്ടെത്തി കേസെടുത്ത് കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ ഋഷിരാജ് സിങ് പരാതിയില്‍ പറയുന്നു. പ്രചരിച്ച പോസ്റ്റും അദ്ദേഹം സൈബര്‍ സെല്ലില്‍ സമര്‍പ്പിച്ചു.
വ്യാജ പ്രചാരണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ഋഷിരാജ് സിങ് പരാതിയില്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. വ്യാജ പോസ്റ്റിന്റെ സ്രോതസ്സാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്. പിന്നീട് ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരേയും സൈബര്‍ സെല്‍ നടപടിയെടുക്കും. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ അയ്യപ്പ കര്‍മ്മ സമിതിയുടെയും ബി.ജെ.പി അടക്കമുള്ള മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ അയ്യപ്പജ്യോതി നടത്തിയത്. ഇതില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ പങ്കെടുത്തത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഋഷിരാജ് സിങ്ങിന്റെ പേരില്‍ വ്യാജപ്രചരണം നടന്നത്.