കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഹൃഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ആന്റണി ഡൊമനിക് വിരമിച്ചതിനെ തുടർന്നാണ് ഹൃഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ചത്.

1982ല്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ ക്യാംപസ് ലോ സെന്ററില്‍ നിന്നാണ് നിന്നാണ് ഹൃഷികേശ് റോയ് നിയമത്തില്‍ ബിരുദം നേടിയത്. 2004ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി ജോലി ചെയ്തു. തുടര്‍ന്ന് അരുണാചല്‍ പ്രദേശ് സര്‍ക്കാരിന്റെ അഭിഭാഷകനായി ജോലി ചെയ്തു. 2006ല്‍ അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റു. ഗുവാഹത്തി ഹൈക്കോടതിയില്‍ നിന്നുമാണ് ജസ്റ്റിസ് ഹൃഷികേശ് റോയ് കേരള ഹൈക്കോടതിയിലേക്ക് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മന്ത്രിമാരായ എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍, കെ.കെ.ശൈലജ ടീച്ചര്‍, മേഴ്‌സിക്കുട്ടിഅമ്മ, മാത്യു ടി.തോമസ്, കടകംപള്ളി സുരേന്ദ്രന്‍, എം.എം.മണി, വി.എസ്.സുനില്‍കുമാര്‍, ടി.പി.രാമകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.എം.മാണി എംഎല്‍എ, ചീഫ് സെക്രട്ടറി ടോം ജോസ്, ഗവര്‍ണറുടെ പത്‌നി സരസ്വതി സദാശിവം, മുഖ്യമന്ത്രിയുടെ പത്‌നി കമല, ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ചീഫ് ജസ്റ്റിസിന്റെ പത്‌നി ചന്ദന സിന്‍ഹ റോയ്, മാതാവ് പ്രഭാബതിറോയ്, മറ്റു കുടുംബാംഗങ്ങള്‍, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് കെ.സുരേന്ദ്ര മോഹന്‍, ജസ്റ്റിസ് പി.ആര്‍.രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹിം, ജസ്റ്റിസ് സി.ടി.രവികുമാര്‍, ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി.ഡി.രാജന്‍, ഗുവാഹട്ടി ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ.കെ.ഗോസ്വാമി, ജസ്റ്റിസ് മനോജിത്ത് ഭുയാന്‍, ജസ്റ്റിസ് സുമന്‍ശ്യാം, ത്രിപുര ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.തലാപത്ര, മണിപ്പൂര്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍.കോടീശ്വര്‍ സിങ്, പൊതു ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹ തുടങ്ങിയവര്‍ സംബന്ധിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ