ന്യൂഡൽഹി: കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ചു. അതേസമയം ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മലയാളി ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിച്ചുകൊണ്ടുളള ഉത്തരവും കേന്ദ്ര നിയമ മന്ത്രാലയം പുറത്തുവിട്ടു.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരെയും സുപ്രീം കോടതി ജസ്റ്റിസുമാരായി നിയമിച്ചു.
മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയ്‌ക്കൊപ്പം കെ.എം.ജോസഫിനേയും നിയമിക്കാൻ ജനുവരി 10ന് കൊളീജിയം കേന്ദ്രത്തിന് ശുപാർശ നൽകിയിരുന്നു. എന്നാൽ കേന്ദ്രം ജോസഫിനെ തഴഞ്ഞു. പിന്നീട് ജൂലൈ 16ന് യോഗം ചേർന്ന് സുപ്രീം കോടതി കൊളീജിയം വീണ്ടും കെ.എം.ജോസഫിനെ ജഡ്ജിയാക്കാൻ ശുപാർശ നൽകി. കൊളീജിയം രണ്ടാം തവണയും ഒരേ പേര് നിർദ്ദേശിച്ചാൽ അംഗീകരിക്കാതെ കേന്ദ്രത്തിന് വേറെ വഴിയില്ല.
അഖിലേന്ത്യാ തലത്തിൽ സീനിയോറിറ്റിയിൽ 42-ാം സ്ഥാനത്തായിരുന്നു ജസ്റ്റിസ് കെ.എം.ജോസഫ്. ഇതിന് പുറമെ കേരളത്തിൽ നിന്നുളള കുര്യൻ ജോസഫ് സുപ്രീം കോടതിയിൽ ജസ്റ്റിസാണെന്നും കേന്ദ്രം ഉന്നയിച്ചു. കേരള ഹൈക്കോടതിക്ക് അമിത പ്രാധാന്യം നൽകരുതെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
സുപ്രീംകോടതി ജഡ്ജിയായ ദീപക് ഗുപ്ത സീനിയോറിറ്റിയിൽ 46 പേരെ പിന്തള്ളിയാണ് പദവിയിലെത്തിയത്. അതിനാൽ സീനിയോറിറ്റി കെ.എം.ജോസഫിന് തടസ്സമായില്ല. ഡൽഹി, ബോംബെ ഹൈക്കോടതികൾക്ക് മൂന്ന് ജസ്റ്റിസുമാർ വീതമുള്ളപ്പോഴാണ് കേന്ദ്രം കെ.എം.ജോസഫിനെ മനഃപൂർവ്വം മാറ്റിനിർത്താൻ ശ്രമിച്ചത്.