ന്യൂഡല്‍ഹി: ക്രമാതീതമായി ഉയരുന്ന വിമാന യാത്രാ നിരക്ക് വര്‍ദ്ധനവ് തടയുന്നതിന് എയര്‍ലൈനുകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളുടെ സമഗ്ര വികസനം സാദ്ധ്യമാക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗം തിരുവനന്തപുരത്ത് ചേരുമെന്നും അദ്ദേഹം അറിയിച്ചു.
കേരള ഹൗസില്‍ കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി പ്രതീപ് സിംഗ് ഖരോള മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം ഉണ്ടായത്. ക്രമാതീതമായുള്ള വിമാനനിരക്കു വര്‍ദ്ധനവ് നടയുന്നതിനുള്ള നടപടി സ്വീകരിക്കുക, കേരളത്തെ പ്രധാന ഏവിയേഷന്‍ ഹബ്ബായി വികസിപ്പിച്ച് സംസ്ഥാനത്ത് ഏവിയേഷന്‍ വ്യവസായത്തിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുക എന്നിവ ചർച്ചയിലെ പ്രധാന വിഷയങ്ങളായി.
കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകളുടെയും സമഗ്ര വികസനം നടപ്പിലാക്കുക, എയര്‍പോര്‍ട്ടുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, കൂടുതല്‍ ഫ്‌ളൈറ്റുകള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങൾക്ക് പുറമെ കൂടുതല്‍ എയര്‍ ഇന്‍ഡ്യാ സര്‍വീസും ബജറ്റ് ഫ്‌ളൈറ്റുകളുടെ സര്‍വീസും ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാന നിരക്ക് വര്‍ദ്ധനവ് സംബന്ധിച്ച് കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറിയാണ് എയര്‍ലൈനുകളുടെ യോഗം വിളിക്കുക. എയര്‍പോര്‍ട്ടുകളുടെ വികസനവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജൂലൈ അവസാനത്തോടെ ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗം തിരുവനന്തപുരത്ത് ചേരാനും തീരുമാനമായി.