കോഴിക്കോട്: ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നത് നാടിനെ നടുക്കിയ സംഭവമായിരുന്നു. അപമാന ഭാരം ഭയന്നായിരുന്നു റിന്‍ഷ തന്റെ കുഞ്ഞിനെ കൊന്നത്. അമ്മയുടെ കുറ്റസമ്മതവും നാടിനെ നടുക്കുകയാണ്. പൊക്കില്‍കൊടി മുറിച്ച അതേ ബ്ലെയ്ഡ് ഉപയോഗിച്ച് തന്നെയായിരുന്നു കുഞ്ഞിന്റെ കഴുത്തറുത്തതെന്നാണ് റിന്‍ഷ കുറ്റസമ്മതത്തില്‍ പറഞ്ഞിരിക്കുന്നത്.

തനിക്ക് വേറെ വഴിയില്ലായിരുന്നുവെന്നും പറ്റിപ്പോയെന്നും റിന്‍ഷ കുറ്റസമ്മതത്തില്‍ പറയുന്നു. കുഞ്ഞിനെ കൊന്നതില്‍ റിന്‍ഷയ്ക്ക് ഇപ്പോള്‍ പശ്ചാത്താപമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രസവാനന്തര ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് റിന്‍ഷ ഇപ്പോള്‍. അതേസമയം, ചില സുഹൃത്തുക്കളെ ചുറ്റിപറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

കോഴിക്കോട് ബാലുശ്ശേരിക്കടുത്ത പാറമുക്കിലാണ് റിന്‍ഷയും കുടുംബവും താമസിച്ച് വരുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് അമ്മയ്ക്കും സഹോദരനുമൊപ്പം സ്വന്തം വീട്ടിലായിരുന്നു റിന്‍ഷ കഴിഞ്ഞിരുന്നത്. റിന്‍ഷയുടെ അമ്മ ക്യാന്‍സര്‍ രോഗിയാണ്. ഇതോടെ റിന്‍ഷയും ജോലിയ്ക്ക് പോകാന്‍ തുടങ്ങി. ഇതിനിടെയാണ് റിന്‍ഷ ഗര്‍ഭിണിയാകുന്നത്. എന്നാല്‍ നാട്ടുകാര്‍ അറിഞ്ഞാലുണ്ടാകുന്ന മാനഹാനി ഓര്‍ത്ത് പുറത്ത് പറഞ്ഞില്ല. വീട്ടില്‍ തന്നെ പ്രസവിക്കുകയും ചെയ്തു. അതേസമയം, റിന്‍ഷ ഗര്‍ഭിണിയാണെന്ന് നാട്ടുകാര്‍ അറിയുകയും അമ്മയോടും സഹോദരനോടും ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീക്ഷണിപ്പെടുത്തിയതോടെ നാട്ടുകാരെ അകറ്റി നിര്‍ത്താന്‍ അമ്മയും സഹോദരനും നിര്‍ബന്ധിതരാവുകയായിരുന്നു.

അതേസമയം, കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന ചോദ്യത്തിന് റിന്‍ഷ പൊലീസുകാര്‍ക്ക് മൊഴി നല്‍കിയിട്ടില്ല. കൊലപാതകം പുറത്ത് അറിഞ്ഞതോടെ പൊലീസിനോട് റിന്‍ഷ കുറ്റസമ്മതം നടത്തുകയായിരുന്നു. താന്‍ തന്നെയായിരുന്നു കുഞ്ഞിനെ കൊന്നതെന്ന് റിന്‍ഷ വ്യക്തമാക്കിയതോടെ കോടതിയുടെ സമ്മതത്തോടെ പ്രസവാനന്തര ചികിത്സയ്ക്കായി പൊലീസിന്റെ കാവലോടെ അയക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷമായിരിക്കും തുടര്‍ നടപടിയുമായി പൊലീസ് മുന്നോട്ട് പോവുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.