കോയമ്പത്തൂർ ജയിലിൽ തടവിൽ കഴിയുന്ന സി പി ഐ മാവോയിസ്റ്റ് പ്രവർത്തകരായ ഷൈനയെയും അനൂപിനെയും കാണാൻ ചെന്ന ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് സി പി റഷീദിനെയും ഹരിഹരശർമ്മയെയും കളളക്കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആരോപിച്ചു.
ഇരുവരെയും തടവിലടച്ച തമിഴ്‌നാട്  പോലീസിന്റെ നടപടിയിൽ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സമിതി പ്രതിഷേധം രേഖപ്പെടുത്തി.
.
കോയമ്പത്തൂർ ജയിലിൽ തടവിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരായ അനൂപ് ,ഷൈന എന്നിവരെ സന്ദർശിക്കുന്നതിനായി ചെന്ന റഷീദും ഹരിഹര ശർമ്മയും തടവുകാർക്ക് കൈമാറിയ വസ്ത്രത്തിനകത്തു പെൻഡ്രൈവ് ഒളിപ്പിച്ചു കൈമാറാൻ ശ്രമിച്ചു എന്നാരോപിച്ചാണ് കേസ്സ്. പ്രഥമദൃഷ്ട്യാ തന്നെ കെട്ടിച്ചമച്ച ഒരാരോപണമാണെന്ന് ആർക്കും ബോധ്യപ്പെടുന്ന ഒന്നാണ് ഇതെന്ന് മനുഷ്യാവകാശ പ്രസ്ഥാനം ആരോപിച്ചു. “കമ്പ്യൂട്ടർ പോയിട്ട് പുസ്തകങ്ങൾ പോലും ലഭ്യമല്ലാത്ത വിധം കഠിനമായ അവസ്ഥയിൽ തടവിൽ കഴിയുന്ന തടവുകാർക്കാണ് പെൻഡ്രൈവ് കൈമാറാൻ ശ്രമിച്ചു എന്ന് ആരോപിക്കുന്നത്. മാവോയിസ്റ്റുകൾ ഉൾപ്പടെയുള്ള രാഷ്ട്രീയ തടവുകാർക്ക് നിയമ സഹായം ലഭ്യമാക്കുകയും കേസ്സുകൾ നടത്താൻ സഹായിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ പ്രവർത്തകരെയും അഭിഭാഷകരെയും അടിച്ചമർത്താൻ ഭരണകൂടം നടത്തുന്ന നീക്കങ്ങളിൽ ഒടുവിലത്തേതാണ് റഷീദിന്റെയും ഹരിഹരശർമ്മയുടെയും അറസ്റ്റ്.”

Read More:മാവോയിസ്റ്റ് തടവുകാരെ കാണാനെത്തിയ രണ്ട് മലയാളികളെ  കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തു.

“മനുഷ്യാവകാശ പ്രവർത്തകരെയും അഭിഭാഷകരെയും “വൈറ്റ്കോളർ മാവോയിസ്റ്റുകൾ” എന്ന് വിശേഷിപ്പിച്ചു കൊണ്ട് ശക്തമായി അടിച്ചമർത്തുക എന്ന കേന്ദ്ര സർക്കാരിന്റെ അജണ്ട നടപ്പിലാക്കാൻ ആണ് തമിഴ്‌നാട് സർക്കാർ ഈ അറസ്റ്റിലൂടെ ശ്രമിച്ചിട്ടുള്ളത്. മാസങ്ങൾക്കു മുൻപ് മധുര ബാറിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കേറ്റ് മുരുകനെ മാവോയിസ്റ്റ് ആണെന്ന് ആരോപിച്ചു അറസ്റ്റ് ചെയ്തിരുന്നു.മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരുടെ കേസ്സുകളിൽ അവർക്കു വേണ്ടി ഹാജരായതാണ് മുരുകനെ അറസ്റ്റ് ചെയ്യാൻ കാരണമായത്. അദ്ദേഹത്തിന്റെ തടവ് ഇപ്പോഴും തുടരുകയാണ്.”

“‘മറുഭാഗം കേൾക്കുക’ എന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നാണ്. പ്രതിക്ക് തനിക്കെതിരെയുള്ള കുറ്റാരോപണം നിഷേധിക്കാനും പ്രതിരോധിക്കാനും തന്റെ ഭാഗം അവതരിപ്പിക്കാനും ഉള്ള അവകാശം ഭരണഘടനാപരമായ മൗലികാവകാശമായി ഇന്ത്യയിലെ കോടതികൾ ഉയർത്തിപ്പിടിച്ചിട്ടുണ്ട്.എന്നാൽ ഈ അവകാശത്തെ തത്വത്തിൽ അംഗീകരിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും പ്രവർത്തിയിൽ നിഷേധിക്കുന്ന സമീപനമാണ് രാഷ്ട്രീയത്തടവുകാരുടെ കാര്യത്തിൽ ഭരണകൂടം സ്വീകരിച്ചു വരുന്നത്. രാഷ്ട്രീയത്തടവുകാർക്കു വേണ്ടി ഹാജരാവുന്ന അഭിഭാഷകരെയും കേസു നടത്താൻ സഹായിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെയും ക്രിമിനൽകേസ്സുകളിൽ ഉൾപ്പെടുത്തി തടവിലടച്ചും, ഭീഷണിപ്പെടുത്തിയും കോടതിയുടെ മുന്നിൽ കുറ്റാരോപണത്തെ പ്രതിരോധിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കുകയാണ് ഭരണകൂടം.ഇങ്ങനെ അപ്രതിരോധ്യരായി കേസ്സു നടത്തി യു.എ.പി.എ.പോലുള്ള ജനവിരുദ്ധ നിയമങ്ങൾ ഉപയോഗിച്ച് ശിക്ഷാവിധികൾ നിർമ്മിച്ചെടുക്കുവാനുള്ള പണിപ്പുരകളായി നീതിന്യായ വ്യവസ്ഥയെ മാറ്റിയെടുക്കാൻ ഉള്ള ഭരണകൂട നീക്കത്തെ ചെറുക്കുക എന്ന ഉത്തരവാദിത്തം ജനാധിപത്യ വിശ്വാസികൾക്കും പ്രസ്ഥാനങ്ങൾക്കും ഉണ്ട്.”സമിതി അംഗീകരിച്ച പ്രസ്താവനയിൽ പറഞ്ഞു

സി.പി.റഷീദിന്റെയും ഹരിഹരശർമ്മയുടെയും മേൽ ചുമത്തിയ കള്ളകേസ്സ്‌ പിൻവലിക്കാനും അവരെ നിരുപാധികം വിട്ടയക്കാനും തയ്യാറാവണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.