കൊച്ചി: മൊബൈല്‍ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാനുള്ള അവകാശം മൗലിക അവകാശമാണെന്ന് ഹെെക്കോടതി. ഇത് വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സുപ്രധാനമായ വിധിന്യായത്തിൽ ഹെെക്കോടതി വ്യക്തമാക്കി.
കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ തിരിച്ചെടുക്കണമെന്നും ജസ്റ്റിസ് പി.വി.ആശയുടെ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു. കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഫഹീമ ഷിറിനാണ് കോടതിയെ സമീപിച്ചത്.
ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ചോദ്യം ചെയ്തതിനാണ് ഫഹീമക്കെതിരെ നടപടി സ്വീകരിച്ചത്.മാനേജുമെന്റ് തീരുമാനം ചോദ്യം ചെയ്തു എന്നു പറഞ്ഞാണ് ഫഹീമയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്. ഹോസ്റ്റലിലെ മൊബൈൽ ഫോൺ നിയന്ത്രണം അനുസരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഫഹീമയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇതിനെതിരെ ഫഹീമ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
Read Also: ഓണം ബംപര്‍: കോടിപതികൾ ആറ് പേര്, സമ്മാനം ഒന്നിച്ചെടുത്ത ടിക്കറ്റിന്
താന്‍ പഠനാവശ്യങ്ങള്‍ക്കായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടെന്നും 18 വയസുകഴിഞ്ഞ വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ ഉള്ളതെന്നും ഇത്തരം നിയമങ്ങള്‍ മാറ്റേണ്ടതാണെന്നും വിശ്വസിക്കുന്നതുകൊണ്ടാണ് ഇതിനെതിരെ പ്രതികരിച്ചതെന്നും ഫഹീമ നേരത്തെ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
“പഠനാവശ്യങ്ങള്‍ക്ക് ഞാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണ്‍ ആണ്. ടെക്സ്റ്റിലുള്ള ചാപ്റ്ററുകളില്‍ സംശയമുള്ളതെല്ലാം ഗൂഗിള്‍ ചെയ്ത് പഠിക്കുന്നതാണ് ശീലം. യൂണിവേഴ്സിറ്റി പോലും നോട്ട്സ് പിഡിഎഫ് ആയി തരുന്നു. നമ്മുടെ സ്കൂൾ സിലബസിൽ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പാഠ്യ ഭാഗങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഓഡിയോ വീഡിയോ രൂപത്തിൽ ലഭ്യമാക്കുന്ന സംവിധാനം നിലവിൽ വന്നു കഴിഞ്ഞു. അത്തരം സംവിധാനം നിലനില്‍ക്കുന്ന കാലത്ത് 18 വയസുകഴിഞ്ഞ വിദ്യാര്‍ത്ഥികളോട് ഇത്തരം നിയന്ത്രണങ്ങള്‍ ശരിയല്ല. മാത്രമല്ല, പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാത്രമാണ് ഇത്തരം നിയമങ്ങള്‍ നിലനിക്കുന്നത്. ഇവിടെ സ്പോര്‍ട്സ് ക്വാട്ടയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേറെ ഹോസ്റ്റല്‍ ഉണ്ട്. എന്നാല്‍ അവിടെയും പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് നിയന്ത്രണങ്ങള്‍. ഈ ചെയ്യുന്നത് ശരിയല്ല, അനീതിയാണ് എന്ന് തോന്നിയതുകൊണ്ടാണ് ഇതിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചത്,” ഫഹീമ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു.
Read More: ഫഹീമയുടെ അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം