തിരുവനന്തപുരം: സംസ്ഥാനത്തെ അരി പ്രതിസന്ധി മറികടക്കാന്‍ രാജ്യത്തിന് അകത്ത് നിന്നും പുറത്തു നിന്നും അരി എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അരി വില വര്‍ധിപ്പിച്ച് സര്‍ക്കാരിനെയും ജനങ്ങളെയും വിഷമത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് സര്‍ക്കാര്‍ കീഴ്പ്പെടില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
പൊതുവിപണിയില്‍ അരിയുടെ വിലക്കയറ്റം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തിവരികയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുവാന്‍ തുടക്കം മുതല്‍ കര്‍മ്മനിരതമായി ഇടപെട്ടിട്ടുണ്ട്. അധികാരമേറ്റയുടന്‍ തന്നെ വിപണിയിലെ ഇടപെടലിനായി 150 കോടി രൂപയാണ് ഈ സര്‍ക്കാര്‍ ചെലവഴിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അരി വിലവര്‍ധനവ് തടയുവാന്‍ സംസ്ഥാനമെമ്പാടും അരിക്കടകള്‍ പ്രത്യേകം ആരംഭിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാര്‍ച്ച് പത്തിനകം 2500 മെട്രിക്‍ ടണ്‍ അരി ബംഗാളില്‍ നിന്ന് എത്തും. തെരഞ്ഞെടുത്ത 500 പ്രാഥമിക സംഘങ്ങളുടെ കണ്‍സ്യൂമര്‍ സ്റ്റോറുകളിലൂടെ അരി വിതരണം തുടങ്ങുകയാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അരിയുടെ ലഭ്യതക്കുറവുമൂലമുണ്ടാകുന്ന വിലവര്‍ധനവിന് ശാശ്വതപരിഹാരമാകണമെങ്കില്‍ കേരളത്തിന്റെ അരിവിഹിതം പൂര്‍ണമായും പുനഃസ്ഥാപിച്ചേ തീരൂ. കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന അതീവ ഗൗരവതരമായ ഒരു വിഷയമാണിത്. അതുകൊണ്ടുതന്നെ ഈ വിഷയം കേന്ദ്രഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഒരു സര്‍വ്വകക്ഷി സംഘത്തെ അയക്കുംമെന്നും മുഖ്യമന്ത്രി പറഞ്ഞു.