scorecardresearch
Latest News

ഹാർബർ ടെർമിനസ്-എറണാകുളം ഡെമു സർവ്വീസ് സമയക്രമത്തിൽ മാറ്റം

മൂന്ന് കോച്ചുകളിലായി 300 യാത്രക്കാർക്ക് യാത്ര ചെയ്യാവുന്നതാണ് ഡെമു സർവ്വീസ്

ഹാർബർ ടെർമിനസ്-എറണാകുളം ഡെമു സർവ്വീസ് സമയക്രമത്തിൽ മാറ്റം

കൊച്ചി:  രണ്ട് ദിവസം മുൻപ് എറണാകുളത്ത് നിന്നും ഹാർബർ ടെർമിനസ് സ്റ്റേഷനിലേക്ക് പ്രവർത്തനം ആരംഭിച്ച ഡെമു സർവ്വീസിന്റെ സമയക്രമത്തിൽ മാറ്റം.  തിങ്കളാഴ്ച മുതൽ വെളളിയാഴ്ച വരെയാണ് ഡെമു സർവ്വീസ് നടത്തുക. ശനി ഞായർ ദിവസങ്ങൾ അവധിയാണ്. ഇനി മുതൽ രാവിലെ 8 മണിക്ക് ഹാർബർ ടെർമിനസിൽ നിന്ന് ആദ്യ സർവ്വീസ് പുറപ്പെടും.

മട്ടാഞ്ചേരി ഹാൾട്ടും എറണാകുളവും മാത്രമാണ് രണ്ട് സ്റ്റേഷനുകൾ. മട്ടാഞ്ചേരി ഹാൾട്ടിൽ രാവിലെ 8.10 ന് എത്തുന്ന ട്രയിൻ ഇവിടെ നിന്ന് 8.11 ന് പുറപ്പെടും. പിന്നീട് 8.35 ന് ട്രെയിൻ എറണാകുളത്ത് എത്തും. 06303 ആണ് ഈ ട്രെയിനിന്റെ നമ്പർ. 06304 നമ്പർ ട്രെയിൻ എറണാകുളത്ത് നിന്ന് രാവിലെ 9 ന് പുറപ്പെട്ട് മട്ടാഞ്ചേരിയിൽ 9.14 ന് എത്തും. 9.15 ന് ഇവിടെ നിന്നും പുറപ്പെട്ട് 9.35 ന് ഹാർബർ ടെർമിനസിൽ എത്തും.

വൈകിട്ടാണ് അടുത്ത സർവ്വീസ്. 06305 നമ്പർ ട്രെയിൻ വൈകിട്ട് അഞ്ച് മണിക്ക് ഹാർബർ ടെർമിനസിൽ നിന്ന് പുറപ്പെടും. പിന്നീട് 5.35 ന് എറണാകുളത്ത് എത്തും. എറണാകുളത്ത് നിന്ന് 5.45 ന് തിരികെ പോകുന്ന 06306 നമ്പർ ട്രെയിൻ മട്ടാഞ്ചേരി ഹാൾട്ട് പിന്നിട്ട് 6.20 ന് ഹാർബർ ടെർമിനസിൽ എത്തും.

മൂന്നു കോച്ചുളള ട്രെയിനിൽ  300 പേർക്കു യാത്ര ചെയ്യാം. എറണാകുളം സൗത്ത് വരെയാണു സർവീസ്. 35 മിനിറ്റാണ് ഒരു വശത്തേക്ക് യാത്ര ചെയ്യാൻ വേണ്ട സമയം. 10 രൂപയാണു ടിക്കറ്റ് നിരക്ക്.

ഉച്ച സമയത്തു ഡെമു ഉപയോഗിച്ചു വല്ലാർപാടത്തേക്കു  ടൂറിസ്റ്റ് സർവീസ് എന്ന ആവശ്യം ഉയർന്നിട്ടുണ്ട്. രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലത്തിലൂടെയുളള  യാത്രയ്ക്കു പാക്കേജ് ടൂർ രീതിയിൽ  മടക്ക യാത്രയുൾപ്പെടെ 50 രൂപ ടിക്കറ്റ് നിരക്ക് നിശ്ചയിക്കണമെന്നാണ് ആവശ്യം.  എറണാകുളം–രാമേശ്വരം  ബൈവീക്ക്‌ലി ട്രെയിൻ ടെർമിനസിൽ നിന്ന് ആഴ്ചയിൽ മൂന്നു ദിവസമുളള സർവീസാക്കി മാറ്റിയാൽ വാത്തുരുത്തി കോളനി നിവാസികൾക്കും തീർത്ഥാടകർക്കും ഏറെ സഹായമാകുമെന്നും ജനങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.

1943 ൽ ആണു ഹാർബർ ടെർമിനസ് പ്രവർത്തനം ആരംഭിച്ചത്. അക്കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് 17 ട്രെയിനുകൾ സർവ്വീസ് നടത്തിയിരുന്നു. കോട്ടയം, ആലപ്പുഴ പാതകൾ യാഥാർത്ഥ്യമായതോടെ ഹാർബർ ടെർമിനസിന്റെ പ്രാധാന്യം കുറഞ്ഞു.  പാതയുടെ വൈദ്യുതീകരണത്തിനു നാവിക സേന അനുമതി നൽകാതിരുന്നതും തടസ്സമായി.  പിൽക്കാലത്ത് ഷൊർണൂർ– കൊച്ചിൻ പാസഞ്ചർ ഏറെക്കാലം സർവ്വീസ് നടത്തിയെങ്കിലും,  2004 ൽ വെണ്ടുരുത്തി പാലത്തിൽ ബാർജ് ഇടിച്ചതോടെ അതും അവസാനിച്ചു. പിന്നീട് 14 വർഷങ്ങൾക്ക് ശേഷമാണ് ഹാർബർ ടെർമിനസ് സ്റ്റേഷൻ വീണ്ടും പ്രവർത്തിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Revised timings of demu services between cochin harbour terminus ernakulam jn