തൊടുപുഴ: വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ എല്ലാ റവന്യൂ ഓഫീസുകളെയും തമ്മില്‍ ബന്ധിപ്പിച്ച ജില്ലയായി ഇടുക്കി. സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഒരു ജില്ലയിലെ റവന്യൂ ഓഫീസുകളെല്ലാം തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സ്, വെബ് കാസ്റ്റ് സംവിധാനങ്ങളിലൂടെ ബന്ധിപ്പിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘടനം സംസ്ഥാന ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ.ടി.ജയിംസ് നിർവ്വഹിച്ചു.

ഭൂമി ശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ മൂലം ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിർദ്ദേശങ്ങള്‍ നല്‍കാനും നടപടികള്‍ക്കും ബുദ്ധിമുട്ട് നേരിട്ടിരുന്നു. പുതിയ സംവിധാനം പ്രാവര്‍ത്തിമാകുന്നതോടെ ഇതിനൊരു പരിഹാരമാകുമെന്ന് റവന്യൂ അധികൃതര്‍ വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സിങ്, വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ ജില്ലയിലെ ഓരോ സ്ഥലത്തും നടക്കുന്ന സംഭവങ്ങള്‍ സ്‌മാർട്ഫോൺ വഴി ജില്ലാ ആസ്ഥാനത്തിരുന്ന് കാണാനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനുമാവും.

കഴിഞ്ഞ നവംബറില്‍ ഇടുക്കി ജില്ലയിലെ മുഴുവന്‍ താലൂക്കുകളും ഉടുമ്പന്‍ചോല താലൂക്കിന് കീഴിലുള്ള മുഴുവന്‍ വില്ലേജുകളും വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിനു കീഴില്‍ കൊണ്ടുവന്നിരുന്നു. അവശേഷിച്ച 66 വില്ലേജുകളെയും പുതിയ സംവിധാനത്തിന് കീഴിലാക്കിയതോടെയാണ് ജില്ലയിലെ റവന്യൂ ഓഫീസുകള്‍ പൂര്‍ണമായും വെബ്കാസ്റ്റിങ് സംവിധാനത്തിനു കീഴിലായത്. പുതിയ സംവിധാനം ഉപയോഗിച്ച് ജില്ലാ കളക്ടര്‍ തഹസില്‍ദാര്‍മാരുമായി നടത്തുന്ന യോഗങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കംപ്യൂട്ടര്‍ വഴിയോ സ്മാർട്ഫോണ്‍ വഴിയോ തത്സമയം വീക്ഷിക്കാനാവുമെന്ന് സംസ്ഥാന ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എസ്.നിവേദ് വ്യക്തമാക്കി.

എന്‍ഐസിയുടെ സോഫ്‌റ്റ്‌വെയറുപയോഗിച്ചാണ് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം രൂപകല്‍പ്പന ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സ്, വെബ് കാസ്റ്റ് സംവിധാനം വഴി ഭാവിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ഉള്‍പ്പടെയുള്ളവ നല്‍കാന്‍ പ്രയോജനപ്പെടുത്താനാവുമെന്ന് പ്രൊജക്ട് മാനേജര്‍ പറഞ്ഞു. ജില്ലയുടെ വിവിധ പ്രദേശങ്ങളിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ സംബന്ധമായ വിവരങ്ങളും കൈയ്യേറ്റങ്ങള്‍ സംബന്ധമായ വിവരങ്ങളും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ഉന്നതതലത്തില്‍ ഉടനടി എത്തിക്കാനും ഉടന്‍തന്നെ മതിയായ നടപടി സ്വീകരിക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.