scorecardresearch

‘എല്ലാ കാര്യങ്ങളിലും മന്ത്രി ഇടപെടേണ്ടതില്ല’; പ്രതിപക്ഷ നേതാവിന് റവന്യൂ മന്ത്രിയുടെ മറുപടി

റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥക്കെതിരായ നടപടി അറിഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ.രാജന്‍

കൊച്ചി: റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥക്കെതിരായ നടപടി അറിഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് റവന്യൂ മന്ത്രി കെ.രാജന്‍. ഉദ്യാഗസ്ഥ ഭരണത്തിന്റെ എല്ലാ തലത്തിലും ഇടപെടേണ്ട കാര്യം മന്ത്രിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിമര്‍ശനങ്ങളോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.

“മുഖ്യമന്ത്രിയോ മന്ത്രിയോ അറിയേണ്ട വിഷയങ്ങളുണ്ടെങ്കിലേ അതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഞങ്ങളുടെ മുന്‍പിലേക്ക് വരേണ്ടതുള്ളൂ. ഉദ്യോഗസ്ഥ ഭരണത്തിന്റെ എല്ലാ തലത്തിലും ഇടപെടേണ്ട കാര്യം മന്ത്രിക്കില്ല. റവന്യൂ വകുപ്പ് മന്ത്രി ഇടപെടേണ്ട പ്രശന്ങ്ങളില്‍ ഇടപെട്ടിരിക്കും. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന് അത് അറിയാമെന്നാണ് വിചാരിക്കുന്നത്,” കെ.രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

“സര്‍ക്കാരിന്റെ അധികാരം ലംഘിക്കപ്പെടുകയോ സര്‍ക്കാര്‍ എടുക്കേണ്ട തീരുമാനങ്ങള്‍ മറ്റാരെങ്കിലും എടുക്കുകയോ ചെയ്യുന്ന ഒരു സ്ഥിതി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് നടപടിയെടുക്കേണ്ട കാര്യങ്ങള്‍ അവര്‍ തന്നെ ചെയ്യും,” മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ സംസ്ഥാനത്തിനിപ്പോൾ ഒരു റവന്യൂ മന്ത്രിയുണ്ടോ? ഉണ്ടെങ്കിൽ ,പ്രിയപ്പെട്ട ശ്രീ കെ.രാജൻ അങ്ങ് ആ വകുപ്പിൽ നടക്കുന്നതൊക്കെ അറിയുന്നുണ്ടോ? അതോ ആ വകുപ്പിൻ്റെ സൂപ്പർ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക് അധികാരം പൂർണമായി അടിയറ വെച്ചോ? എന്നായിരുന്നു വി.ഡി സതീശന്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്.

റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയെ ആദ്യം അവർ വഹിച്ചിരുന്ന വിവരാവകാശ ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിന്ന് പൊടുന്നനെ മാറ്റുന്നു. പ്രിൻസിപ്പൽ സെക്രട്ടറി ആ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി അവധിയിൽ പോകാൻ വാക്കാൽ നിർദ്ദേശിക്കുന്നു. അവധി അപേക്ഷയിൽ വ്യക്തിപരമായ കാരണങ്ങളാൽ അവധിയിൽ പോകുന്നുവെന്ന് എഴുതാനായിരുന്നു ഉത്തരവ്, ഇതൊക്കെ റവന്യൂ മന്ത്രി അറിയുന്നുണ്ടോയെന്നും സതീശന്‍ വിമര്‍ശിച്ചു.

Also Read: സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി; ഇനി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Revenue ministers replay to vd satheeshans facebook post