scorecardresearch

Latest News

ഭയപ്പെടേണ്ടത് മണ്ണിടിച്ചില്‍; മഴക്കെടുതി നേരിടാന്‍ കേരളം സജ്ജമെന്ന് റവന്യു മന്ത്രി

അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Fisherman Suicide, Kerala Revanue Department

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഏത് സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്ന് റവന്യു മന്ത്രി കെ. രാജന്‍. ഇന്ന് വടക്കന്‍ മേഖലകളിലേക്കാണ് മഴയുടെ നീക്കമെന്നും പുഴയും നദികളും നിറഞ്ഞൊഴുകുന്ന സാഹചര്യം നിലവിലില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

“ഒരു മണിയോടെ ഐഎംഡിയുടെ മോഡല്‍ ഔട്ട്പൗട്ട് വന്നാലെ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളു. ഇന്നലെ വൈകുന്നേരം തന്നെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളേയും കൂട്ടിയോജിപ്പിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ നടപടിയെടുക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്,” മന്ത്രി വ്യക്തമാക്കി.

“ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് 19-ാം തീയതി വരെ മഴ തുടരുമെന്നാണ് ഐഎംഡിയുടെ പ്രവചനം. കാലവര്‍ഷം നേരത്തെ എത്തുമെന്ന സൂചനയാണുള്ളത്. എല്ലാ ജില്ലകളിലും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനാവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ മലയോര മേഖലകളിലും യാത്ര നിരോധിച്ചിട്ടില്ല, സാഹചര്യം നോക്കി നടപടിയെടുക്കാനാണ് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്,” മന്ത്രി പറഞ്ഞു.

“പുഴകളും നദികളും നിറഞ്ഞൊഴുകുന്ന മഴയല്ല ഇപ്പോഴുള്ളത്. മഴയുടെ സ്ഥിതി കാണുമ്പോള്‍ പ്രധാനമായു മണ്ണിടിച്ചിലിനെയാണ് പേടിക്കേണ്ടത്. മലയോര മേഖലകളില്‍ സുരക്ഷ ശക്തമാക്കാനുള്ള നടപടികള്‍ കൊക്കൊണ്ടു. പരിശോധനകള്‍ നടത്തി വിവരങ്ങള്‍ നല്‍കണമെന്ന് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും ലഭിക്കും വിധം കേരളം തയാറായിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ആൻഡാമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും കാലവർഷം അടുത്ത 48 മണിക്കൂറിനുള്ളിൽ എത്തിച്ചേരും. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 15/05/2022: കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍.
  • 16/05/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 15/05/2022: തിരുവനന്തപുരം, വയനാട്.
  • 16/05/2022: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.
  • 17/05/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.
  • 18/05/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ.

Also Read: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Revenue minister k rajan on weather situation in kerala