തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കല്ലിടല്‍ നിര്‍ത്തിയത് സംബന്ധിച്ച് വിശദീകരണവുമായി റവന്യു മന്ത്രി കെ. രാജന്‍. “കല്ലിടല്‍ പൂര്‍ണമായി നിര്‍ത്തിയിട്ടില്ല. ഉടമകള്‍ക്ക് സമ്മതമാണെങ്കില്‍ കല്ലിടും. അല്ലെങ്കില്‍ കെട്ടിടങ്ങളിൽ അതിരടയാളമോ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ചോ അടയാളപ്പെടുത്താം,” മന്ത്രി വ്യക്തമാക്കി.
“സാമൂഹികാഘാത പഠനത്തിനായുള്ള അതിരടയാളമാണ് ഇപ്പോള്‍ ഇട്ടുവരുന്നത്. സാമൂഹിക ആഘാത പഠനത്തിൻറെ വേഗത വർദ്ധിപ്പിക്കാൻ മൂന്ന് നിർദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. ഉത്തരവില്‍ ഈ മൂന്ന് രീതിക്കും അനുമതി നൽകിയിട്ടുണ്ട്,” കെ. രാജന്‍ കൂട്ടിച്ചേര്‍ത്തു.
കെ-റെയിലുമായി ബന്ധപ്പെട്ട് എന്തെങ്കിലും രീതിയിലുള്ള സംഘർഷങ്ങൾ ഉണ്ടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജന്റെ നിലപാട്. സർവേ രീതി മാറിയാൽ പ്രതിപക്ഷം സഹകരിക്കുമോ എന്ന് വ്യക്തമാക്കണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ തുടർന്നാണ് കല്ലിടൽ നിർത്തിയതെന്ന വാദം വെറും ആരോപണം മാത്രമാണെന്നും ഇപി ജയരാജൻ പറഞ്ഞു.
അതേസമയം, കെ-റെയിൽ കല്ലിടൽ നിർത്തിവയ്ക്കാനുള്ള സർക്കാർ തീരുമാനം യുഡിഎഫ് സമരത്തിന്റെ വിജയമാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണം. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. അന്ന് അത് ചെവിക്കൊള്ളാൻ സർക്കാർ തയ്യാറായില്ല. ഇപ്പോൾ സർവേ നിർത്തിവെച്ച സാഹചര്യത്തിൽ സർക്കാർ തെറ്റ് സമ്മതിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജനവികാരത്തിന് മുമ്പിൽ പിണറായി സർക്കാർ മുട്ടുമടക്കി എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സിൽവർലൈൻ യാഥാർത്ഥ്യമാവില്ലെന്ന് സംസ്ഥാന സർക്കാരിന് ഉറപ്പായിരുന്നു. ചെയ്ത തെറ്റുകൾക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയുകയും പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കാൻ തയ്യാറാവണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
Also Read: സിൽവർലൈൻ ഉപേക്ഷിക്കില്ല, മാറിയത് സർവേ രീതി മാത്രം: ഇ പി ജയരാജൻ