/indian-express-malayalam/media/media_files/uploads/2017/11/joice-georgemp-mm-mani-e-chandrasekharan.jpg)
തൊടുപുഴ: തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎം-സിപിഐ തര്‍ക്കം മുറുകുന്നതിനിടെ കൊട്ടക്കമ്പൂര്‍ ഭൂമി വിഷയത്തില്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന് ആശ്വാസമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ ക്ലീന്‍ ചിറ്റ്.
ജോയ്‌സ് ജോര്‍ജ് സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ലെന്നും പിതാവ് നല്‍കിയ ഭൂമിയാണ് ജോയ്‌സിനു ലഭിച്ചതെന്നും സി പി ഐയുടെ റവന്യൂ മന്ത്രി. കഴിഞ്ഞയാഴ്ച ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുളള കൊട്ടക്കമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 58-ല്‍ ഉള്‍പ്പെടുന്ന 20 ഏക്കര്‍ ഭൂമിയുടെ പട്ടയം ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍ റദ്ദാക്കിയിരുന്നു.
ഈ വിഷയം ജില്ലയില്‍ സിപിഎം സിപിഐ പോരിലേയ്ക്ക് നീങ്ങുന്നതിനിടെയാണ് നെടുങ്കണ്ടം മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ച ഉടുമ്പന്‍ചോല താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തന ഉദ്ഘാടനത്തിനെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ജോയ്‌സിന്റെ ഭൂമിയുടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. "ജോയ്‌സ് ജോര്‍ജിനു ഭൂമി ലഭിച്ചത് പിതാവില്‍ നിന്നാണ്, അതുകൊണ്ടുതന്നെ ജോയ്‌സ് ജോര്‍ജ് ഭൂമി കൈയേറിയെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഞാനും വിശ്വസിക്കുന്നില്ല. പിതാവ് കൊടുത്ത ഭൂമി കൈവശംവച്ചതിന്റെ പേരില്‍ ആരെങ്കിലും കൈയേറ്റക്കാരനെന്നു വിളിച്ചാല്‍ അത് അംഗീകരിക്കാനാവില്ല." എന്ന് ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു.
"സബ് കളക്ടര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയത് നിലവിലുള്ള രേഖകള്‍ പരിശോധിച്ചാണെന്നും വിഷയത്തില്‍ ജോയ്‌സിന് അപ്പീല്‍ നല്‍കാനാവുമെന്നും ആവശ്യമെങ്കില്‍ പട്ടയം റദ്ദാക്കിയ നടപടി പുനപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ "സബ് കളക്ടറുടെ നടപടി തെറ്റാണെന്ന് താന്‍ പറയുന്നില്ലന്നും ഓരോ ഉദ്യോഗസ്ഥരും അവര്‍ക്ക് അനുവദിച്ചിരിക്കുന്ന പദവിയുടെ പരിധിയില്‍ നിന്നാണ് തീരുമാനങ്ങളെടുക്കുന്നത്. സര്‍ക്കാരിന്റെ നിലവിലുള്ള നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. സര്‍ക്കാര്‍ ഭൂമി കൈയേറിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അവകാശപ്പെട്ടു.
അതേസമയം ചടങ്ങില്‍ സംസാരിച്ച ഇടുക്കി എംപി ജോയസ് ജോര്‍ജ് ഒരു വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ നൂലാമാലകളില്‍ പിടിച്ചു പാവപ്പെട്ട കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഇത് അനുവദിക്കാനാവില്ലെന്നും പറഞ്ഞു. സബ് കളക്ടറും കളക്ടറും വേദിയിലിരിക്കെയാണ് ജോയസ് ജോർജ് എം പി റവന്യൂ വകുപ്പിന്റെ നടപടികള്‍ക്കെതിരേ ആഞ്ഞടിച്ചത്.
വൈദ്യുതി മന്ത്രി എംഎം മണി, ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്, പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍, ഇടുക്കി ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുല്‍, ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍, സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.