scorecardresearch

വില്ലേജ് ഓഫീസർമാർക്ക് റവന്യു മന്ത്രിയുടെ കത്ത്; ആക്ഷേപങ്ങളുടെ കേന്ദ്രമെന്ന പേര് മാറ്റണം

അഴിമതി അംഗീകരിക്കാനാവില്ലെന്ന് മന്ത്രി

അഴിമതി അംഗീകരിക്കാനാവില്ലെന്ന് മന്ത്രി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Munnar, Munnar land acquisition, Munnar land scam, Kerala Revenue Department, Revenue Minister E Chandrasekharan

തിരുവനന്തപുരം: റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്നിരിക്കെ ജനപക്ഷത്ത് നിൽക്കണമെന്ന നിർദ്ദേശവുമായി റവന്യു മന്ത്രിയുടെ കത്ത്. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസർമാർക്കുമാണ് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ കത്തയച്ചത്.

Advertisment

"ചില ഉദ്യോഗസ്ഥന്മാർ അഴിമതിയിൽ അഭിരമിക്കുകയാണ്. ആക്ഷേപങ്ങളുടെ കേന്ദ്രമായി സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ മാറി. അഴിമതി അംഗീകരിക്കാനാവില്ല. ആക്ഷേപങ്ങൾ ശരിവയ്ക്കുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്", റവന്യു മന്ത്രിയുടെ കത്തിൽ കുറ്റപ്പെടുത്തുന്നു. വില്ലേജ് ഓഫീസർമാർ ടീം ലീഡറായി പ്രവർത്തിക്കണമെന്നും റവന്യു മന്ത്രി ആവശ്യപ്പെട്ടു.

ചെമ്പനോട കാവിൽ പുരയിടം തോമസ് (ജോയ്-58) ചെമ്പനോട വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് റവന്യു മന്ത്രി ഉദ്യോഗസ്ഥർക്ക് കത്തയച്ചത്. ആവശ്യങ്ങളുമായി വില്ലേജ് ഓഫീസിൽ എത്തുന്നവരെ നിരാശരാക്കരുതെന്നും ഇക്കാര്യത്തിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള നടപടി ക്രമങ്ങൾ പാലിക്കണമെന്നും റവന്യു മന്ത്രി ആവശ്യപ്പെട്ടു.

നേരത്തേ തന്നെ വില്ലേജ് ഓഫീസിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന് റവന്യു മന്ത്രി ആവശ്യപ്പെട്ടിരുന്നു. വില്ലേജ് ഓഫീസിലെത്തുന്നവരെ രണ്ട് തവണയിൽ കൂടുതൽ നടത്തിക്കരുതെന്ന കർശന നിർദ്ദേശമാണ് മന്ത്രി നൽകിയത്.

Advertisment

"വില്ലേജ് ഓഫീസിൽ എത്തുന്ന ആരെയും രണ്ട് തവണയിൽ കൂടുതൽ നടത്തിക്കരുത്. ആവശ്യങ്ങൾ നടപ്പിലാക്കാൻ സാധിക്കില്ലെങ്കിൽ എന്തുകൊണ്ടാണെന്ന് രേഖാമൂലം എഴുതി നൽകണം" മന്ത്രി ഉത്തരവിട്ടു.

നികുതി അടക്കുന്നതിന് കാലതാമസം വരുത്തരുതെന്നും മന്ത്രി നേരത്തേ തന്നെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റവന്യു മന്ത്രിയുടെ നിർദ്ദേശ പ്രകാരം ലാന്റ് റവന്യു കമ്മിഷണറാണ് ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയത്.

സ്വന്തം സ്ഥലത്തിന്റെ കരം അടയ്ക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് ചെമ്പനോട വില്ലേജ് ഓഫീസിനകത്ത് കർഷനായ ജോയി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ചെമ്പനോട വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും കുറ്റക്കാരായി കണ്ടെത്തി. ഇവർക്കെതിരെ ജില്ലാ കളക്ടറും റവന്യു വകുപ്പിന് റിപ്പോർട്ട് നൽകി.

പിന്നീട് നടന്ന പരിശോധനയിൽ സംസ്ഥാനത്ത് പല ഭാഗത്തും ഭൂരേഖകളിൽ തിരുത്തലുകൾ ഉണ്ടായതായി കണ്ടെത്തി. ഇത് റവന്യു വകുപ്പിനാകെ നാണക്കേടുണ്ടാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റവന്യു മന്ത്രി ഇപ്പോൾ കത്തയച്ചിരിക്കുന്നത്.

ജോയിയുടെ ആത്മഹത്യയെപ്പറ്റി കളക്ടർ വില്ലേജ് ഓഫീസറോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഇദ്ദേഹം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരെയും സസ്പെന്റ് ചെയ്തത്.

വില്ലേജ് അസിസ്റ്റന്റ് സിലീഷും വില്ലേജ്മാനും കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി കര്‍ഷകന്റെ ബന്ധുക്കള്‍ ആരോപിച്ചു. കൈക്കൂലി നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ നികുതി കൈപ്പറ്റാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ജോയിയുടെ ഭാര്യ ആരോപിച്ചു. വില്ലേജ് അസിസ്റ്റന്റിനും വില്ലേജ്മാനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

നികുതി നല്‍കാനായി ഇയാള്‍ പലതവണ വില്ലേജ് ഓഫിസിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ വില്ലേജ് ഓഫിസിനു മുമ്പില്‍ ഒരു തവണ നിരാഹാരമിരുന്നിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ജില്ലാ കലക്ടര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശവും നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ധനസഹായം സംബന്ധിച്ച നടപടികളും കൈക്കൊളളുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Revenue Minister

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: