തിരുവനന്തപുരം: സംസ്ഥാന റവന്യു വകുപ്പിൽ മന്ത്രി ഇ.ചന്ദ്രശേഖരനെ മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടാൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ ഇടപെടുന്നുവെന്ന സിപിഐ പരാതി ശക്തമാകുന്നു. മന്ത്രിയും സെക്രട്ടറിയും രണ്ട് തട്ടിലായതോടെ പി.എച്ച്.കുര്യന് സ്ഥാനചലനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

സെക്രട്ടറിയെ മാറ്റാൻ മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സെക്രട്ടറിയെ മാറ്റാൻ സിപിഐ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

അതേസമയം, കുര്യനെ മാറ്റണമെന്ന മന്ത്രിയുടെ ആവശ്യം വകവയ്ക്കാതെ അദ്ദേഹത്തിന് പരിസ്ഥിതി വകുപ്പിന്റെ കൂടി ചുമതല നൽകുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. ഇത് കൂടുതൽ പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്.

മൂന്നാറിലെ കുറിഞ്ഞി സങ്കേതത്തിന്റെ അതിർത്തി പുനർ നിശ്ചയിക്കാനുള്ള സർക്കാർ തീരുമാനം വിസ്തൃതി കുറയ്ക്കുമെന്ന് സെക്രട്ടറി പി.എച്ച്.കുര്യൻ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭe യോഗത്തിലും പി.എച്ച്.കുര്യൻ ഈ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മന്ത്രി ഇതിനെ എതിർത്തു. പട്ടയമുള്ളവരെ നിലനിർത്തി മറ്റുള്ളവരെ പുനരധിവസിപ്പിക്കണമെന്നും ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടത്.

നേരത്തേ ദേവികുളം സബ് കnക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ ഇടപെടലുകളും ഇരുവരെയും രണ്ട് തട്ടിലാക്കിയിരുന്നു. മന്ത്രിയെ മറികടന്ന് മൂന്നാർ വിഷയത്തിൽ യോഗം വിളിച്ചുചേർക്കാൻ മുഖ്യമന്ത്രിക്ക് സഹായം ചെയ്തത് പി.എച്ച്.കുര്യനായിരുന്നു. ഇക്കാര്യത്തിൽ മന്ത്രി പി.എച്ച്.കുര്യനോട് വിയോജിപ്പ് പറഞ്ഞിരുന്നു. സെക്രട്ടറി പി.എച്ച്.കുര്യനല്ല, മന്ത്രി ഇ.ചന്ദ്രശേഖരനാണ് വലുതെന്ന് നേരത്തേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ