തിരുവനന്തപുരം: സിപിഎം നേതാവും ദേവികുളം എംഎൽഎയുമായ എസ്.രാജേന്ദ്രന്റെ ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. നിയമസഭയിൽ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് നൽകിയ ഉത്തരത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
മൂന്നാറിൽ ഒരു എം എൽ എയുടെ വീടിരിക്കുന്ന ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ? എന്ന പൂഞ്ഞാർ എം എൽ എ പി സി ജോർജിന്റെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
മൂന്നാറിലെ വ്യാജപട്ടയങ്ങളെ കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് എഡിജി പി എസ്. രാജേന്ദ്രന്റെ പേരിലുളള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നുവെന്നാണ് റവന്യൂ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ കലക്ടർ പട്ടയ നമ്പർ തിരുത്തി കിട്ടണമെന്ന രാജേന്ദ്രന്റെ അപേക്ഷ തളളിയിട്ടുണ്ട്. 2011ഒക്ടോബർ 29നാണ് രാജേന്ദ്രന്റെ അപേക്ഷ കലക്ടർ തളളിയത്. ഇതിനെതിരെ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നൽകിയ അപ്പീലും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2015 ജനുവരി അഞ്ചിന് തളളിയിരുന്നുവെന്ന് ഇ. ചന്ദ്രശേഖരൻ മറുപടിയിൽ വ്യക്തമാക്കുന്നു.
മൂന്നാറിൽ വ്യാജപട്ടയങ്ങൾ എന്ന ആരോപണം ഉയർന്ന കേസുകളിൽ വിജിലൻസ്, റവന്യു, ക്രൈംബ്രാഞ്ച് എന്നീ വകുപ്പകൾ വഴി അന്വേഷണം നടക്കുന്നുണ്ട്. വ്യാജമെന്ന് കണ്ടെത്തിയ പട്ടയങ്ങൾ റദ്ദ് ചെയ്തിട്ടുണ്ട്. റവന്യൂ പൊലീസ്, സർവേ സംയുക്ത ടീമിന്റെനേതൃത്വത്തിൽ വൻകിട തോട്ടം ഉൾപ്പടെയ കൈയേറിയത് കണ്ടുപിടിക്കാനുളള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ വിവാദമായ എട്ടുസെന്റ് സ്ഥലത്തിന്റെ കരം കഴിഞ്ഞ പതിനാറുവര്ഷങ്ങളായി അടച്ചിട്ടില്ല. പട്ടയം ലഭിച്ച ഭൂമിയും സര്‍വേ നമ്പരിലുള്ള വ്യത്യാസവും മൂലമാണ് കെഡിഎച്ച് വില്ലേജ് ഓഫീസ് അധികൃതര്‍ ഈ സ്ഥലത്തിന്റെ കരം സ്വീകരിക്കുന്നത് നിര്‍ത്തിവച്ചത്. എസ് രാജേന്ദ്രന് അവകാശപ്പെടുന്നതു പ്രകാരം 2000-ത്തിലാണ് 912 സര്‍വേ നമ്പരില്‍ മൂന്നാര്‍ ഇക്കാ നഗറിലുള്ള സ്ഥലത്തിന് പട്ടയം ലഭിച്ചത്.
എന്നാല്‍ രാജേന്ദ്രനു പട്ടയം നല്കുന്ന കാലത്ത് ലാന്‍ഡ് അസൈന്മെന്റ് കമ്മിറ്റി കൂടിയിട്ടില്ലെന്ന് അടുത്തിടെ പുറത്തുവന്ന വിവരാവകാശ രേഖ വ്യക്തമാക്കിയിരുന്നു. വില്ലേജ് ഓഫീസ് അധികൃതര്‍ കരം സ്വീകരിക്കാത്തതിനു കാരണം പട്ടയം വ്യാജമാണെന്നു സംശയമുള്ളതിനാലാണെന്നും റവന്യൂവകുപ്പ് അധികൃതര്‍ സൂചന നല്‍കിയിരുന്നു. അതേസമയം താന്‍ ആദ്യ വര്‍ഷം ഈ സ്ഥലത്തിനു നികുതി അടച്ചിരുന്നുവെന്നും എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നികുതി സ്വീകരിക്കാന്‍ അധികൃതര്‍ വിസമ്മതിക്കുകയുമായിരുന്നുവെന്നുമാണ് എസ് രാജേന്ദ്രന് ഇതിനു നല്കുന്ന വിശദീകരണം.
എസ് രാജേന്ദ്രന്റെ ഭൂമിക്ക് യഥാർത്ഥ പട്ടയമാണുള്ളതെന്ന് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ പൂര്‍ണമായും നിരാകരിക്കുന്ന തരത്തിലുള്ളതാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള റവന്യൂ മന്ത്രിയുടെ മറുപടി