തൊടുപുഴ: മൂന്നാറിൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നതിനിടെ വ്യാജപട്ടയ മാഫിയ സജീവമായി പ്രവർത്തിക്കുന്നുവെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്. ഇവരെ ബന്ധപ്പെട്ടാൽ ഒറിജിനലിനെ വെല്ലുന്ന വ്യാജ പട്ടയങ്ങൾ നിഷ്പ്രയാസം ലഭിക്കുമെന്നാണ് റവന്യു വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.

ഈ മാഫിയയ്ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിനാൽ മുൻപ് നൽകിയ സമാന റിപ്പോർട്ടുകളിലൊന്നും നടപടിയുണ്ടായില്ലെന്ന് മാധ്യമം പത്രം റിപ്പോർട്ട് ചെയ്യുന്നു. ദേവികുളം, പീരുമേട്, ചിന്നക്കനാൽ, കെഡിഎച്ച് വില്ലേജുകളിലായി സർക്കാർ നിയോഗിച്ച ഉന്നത അന്വേഷണ സംഘം, ലാന്റ് ബോർഡ് മുൻ സെക്രട്ടറി പി.സി. സനൽകുമാർ അദ്ധ്യക്ഷനായ സമിതി, റവന്യുവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിവേദിത പി.ഹരൻ എന്നിവർ ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. എന്നാൽ ഇത് എങ്ങുമെത്തിയില്ലെന്നാണ് വിവരം.

പുതിയ സാഹചര്യത്തിൽ മൂന്നാറിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തത് ഈ വ്യാജപട്ടയ മാഫിയയെ സഹായിക്കാനാണോ എന്നാണ് ഇപ്പോഴുയരുന്ന സംശയം. അതേസമയം മൂന്നാറിൽ സർക്കാർ ഭൂമിയിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഈ മാസം ഏഴിനാണ് കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. ഇക്കാരണം കൊണ്ട് ഒഴിപ്പിക്കൽ നടപടികൾ നിർത്തിവയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ തന്റെ ഉദ്യോഗസ്ഥർക്ക് നൽകിയത്.

യാതൊരു വിധ ആക്ഷേപങ്ങൾക്കും വഴിയൊരുക്കാതെ എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ച് തന്നെയായിരിക്കണം നടപടിയെന്നാണ് മന്ത്രി നൽകകിയിരിക്കുന്ന നിർദ്ദേശം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ