തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ശക്തമായ നടപടി വേണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. കായൽ കൈയ്യേറ്റം ഉൾപ്പെടെ തോമസ് ചാണ്ടി നടത്തിയ ക്രമക്കേടുകളിൽ കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഇതു പരിശോധിച്ച റവന്യൂ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടു. നിയമലംഘനം തടയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് റവന്യൂ മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

തോമസ് ചാണ്ടിക്കെതിരായ ജില്ലാ കലക്ടർ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമ‍ര്‍ശങ്ങളാണുളളത്. വാട്ടര്‍വേള്‍ഡ് കമ്പനി ഭൂമികൈയേറ്റം നടത്തിയതായി കലക്ടറുടെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനി ഡയറക്ടർ ബോർഡ് അംഗമാണ് തോമസ് ചാണ്ടി. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തിയതിലും പാര്‍ക്കിങ് ഗ്രൗണ്ടും റോഡും നിർമിച്ചതിലും നിയമലംഘനം നടന്നായി കലക്ടറുടെ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്. ഇക്കാര്യം റവന്യൂമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.

റിപ്പോര്‍ട്ടില്‍ സ്വന്തം നിലയ്ക്ക് നടപടിയെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നുമാണ് റവന്യൂ മന്ത്രിക്ക് സിപിഐ നല്‍കിയിരിക്കുന്ന നിർദേശം. ഇതിന്റെ പശ്ചാത്തലത്തിൽ തോമസ് ചാണ്ടിക്കെതിരെ എന്ത് നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് നിർദേശിക്കാമെന്നും ആവശ്യമെങ്കില്‍ നിയമോപദേശം തേടണമെന്നും റവന്യൂ മന്ത്രി അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ