തിരുവനന്തപുരം: കേരള ലോ അക്കാദമിയ്‌ക്ക് സമീപത്തെ ഹോട്ടലും സഹകരണ ബാങ്ക് ബ്രാഞ്ചും ഒഴിപ്പിക്കാൻ മന്ത്രി ഇ.ചന്ദ്രശേഖരൻ കളക്ടറോട് ആവശ്യപ്പെട്ടു. കോളേജിന്റെ കവാടം പൊളിച്ചുനീക്കി, സർക്കാർ ഭൂമി തിരിച്ചുപിടിക്കാനും നിർദ്ദേശമുണ്ട്. ഭൂമി സംബന്ധിച്ച് റവന്യു വകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് മന്ത്രിയുടെ നടപടി.
ലോ അക്കാദമിയ്‌ക്ക് സർക്കാർ ഭൂമി നൽകിയതുമായി ബന്ധപ്പെട്ട് നിരവധി നിർദ്ദേശങ്ങളാണ് മന്ത്രി മുന്നോട്ട് വച്ചത്. 1984 ൽ ഭൂമി നൽകിയപ്പോൾ ഉണ്ടാക്കിയ കരാറിൽ പിന്നീട് അധികൃതർ മാറ്റം വരുത്തിയിരുന്നോ എന്ന് പരിശോധിക്കും. ഇത് അന്വേഷിക്കാൻ ജില്ല രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
കോളേജ് പ്രവർത്തിക്കുന്നതിന് ആവശ്യമായ സ്ഥലം ഒഴിച്ച് ബാക്കിയുള്ളത് ഏറ്റെടുക്കാൻ വേണ്ട നടപടികൾ നിയമവകുപ്പുമായി ആലോചിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ആറര ഏക്കറോളം സ്ഥലം തിരിച്ചുപിടിക്കാനാണ് ഇത്.
കോളേജ് പരിസരത്തെ ബാങ്കും ഹോട്ടലും വിദ്യാർത്ഥികളെ ഉദ്ദേശിച്ചുള്ളതല്ലെന്നും ഇവ രണ്ടും ഒഴിപ്പിച്ച് കെട്ടിടം കളക്ടർ ഏറ്റെടുക്കണം. ലോ അക്കാദമിയുടെ പ്രധാന കവാടം സർക്കാർ ഭൂമിയിലായതിനാൽ ഇത് പൊളിച്ചുനീക്കാനും സ്ഥലം സർക്കാരിലേക്ക് കണ്ടുകെട്ടാനും മന്ത്രി നിർദ്ദേശിച്ചു.
വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യത്യസ്ത നിലപാടാണ് നേരത്തേ സ്വീകരിച്ചത്. എന്നാൽ കർശന നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി ഇതിന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.