തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറെ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ പ്രീമയം സര്‍വീസായ സില്‍വര്‍ലൈന്‍ ജെറ്റ് കെഎസ്ആര്‍ടിസി നിര്‍ത്തലാക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗതമന്ത്രിയായിരിക്കെ 2015ല്‍ ആംരഭിച്ച സര്‍വീസ് സാമ്പത്തികമായി വന്‍ പരാജയമാണെന്നാണ് വിലയിരുത്തല്‍. ഇതിനുപുറമെ അമിതവേഗത്തിന് ട്രാഫിക്ക് പൊലീസില്‍ നിന്ന് ലക്ഷങ്ങളുടെ പിഴ ശിക്ഷ വന്നതും തിരിച്ചടിയായി. കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍വീസ് നടത്തിവന്ന ഏഴ് സര്‍വീസുകള്‍ മാത്രം മൂന്ന് ലക്ഷത്തിലധികം രൂപയാണ് പിഴയിനത്തില്‍ കുടിശ്ശികവരുത്തിയിരിക്കുന്നത്. KL-15-A-763 നമ്പറിലുള്ള സില്‍വര്‍ലൈന്‍ ജെറ്റ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 175 തവണയാണ് അമിതവേഗതക്ക് ദേശിയപാതയിലെ ക്യാമറകളില്‍ കുടുങ്ങിയത്. ഈയിനത്തില്‍ 81,700 രൂപയാണ് കെഎസ്ആര്‍ടിസി ട്രാഫിക്ക് വകുപ്പിന് നല്‍കാനുള്ളത്. മാറ്റ് ബ്സ്സുകളുടെ കണക്കും ഒട്ടും വത്യസ്തമല്ല.

KL-15-A-756 – 137 തവണ – 65,700 രൂപ
KL-15-A-884 – 110 തവണ – 50,100 രൂപ
KL-15-A-764 – 116 തവണ – 49,000 രൂപ
KL-15-A-755 – 90 തവണ – 43,800 രൂപ
KL-15-A-765 – 36 തവണ – 17,900 രൂപ
KL-15-A-762 – 5 തവണ – 2,300 രൂപ

ksrtc, traffic violation, gopikrishnan,

പ്രധാനമായും ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടാണ് സില്‍വര്‍ലൈന്‍ ജെറ്റ് ആരംഭിച്ചത്. സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് പരമാവധി വേഗത്തില്‍ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുക എന്നതായിരുന്നു സര്‍വീസിന്റെ ലക്ഷ്യം. യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ, നിരീക്ഷണത്തിനായി സിസിടിവി ക്യാമറ, മൊബൈല്‍-ലാപ്‌ടോപ്പ് ചാര്‍ജ്ജിംഗ് സൗകര്യം, പുഷ്ബാക്ക് സീറ്റുകള്‍ എന്നിങ്ങനെ കെഎസ്ആര്‍ടിസിയുടെ മുഖച്ഛായതന്നെ മാറ്റുന്ന തരത്തിലാണ് 2015 ല്‍ സില്‍വര്‍ലൈന്‍ ജെറ്റുകള്‍ നിരത്തിലിറക്കിയത്. തിരുവനന്തപുരത്ത് നിന്നും കാസര്‍കോടേക്ക് 12 മണിക്കൂറില്‍ എത്തുമെന്നായിരുന്നു വാഗ്ദാനം.
എന്നാല്‍ കേരളത്തില്‍ റെഡുകളില്‍ ഹെവി വാഹനങ്ങളുടെ പരാമവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ ആണെന്നിരിക്കെ, ഈ സമയക്രമത്തിനെതിരെ തുടക്കം മുതല്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.

തമ്പാനൂരില്‍ നിന്ന് കാസര്‍കോടേക്ക് ദേശിയപാതവഴിയുള്ള ദൂരം 580 കിലോമീറ്ററാണ്. ഈ ദൂരം 12 മണിക്കൂറില്‍ താണ്ടണമെങ്കില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ നിര്‍ത്താതെ ഓടിക്കണം. ജില്ലാ കേന്ദ്രങ്ങളിലെ സ്റ്റോപ്പുകളും, ഇടയക്കുള്ള ഇടവേളയും കൂടി കണക്കിലെടുത്താല്‍ ഈ വേഗം 60 കിലോമീറ്ററായി ഉയരണം. എന്നാല്‍ കേരളത്തിലെ റോഡുകളുടെ നിലവിലെ അവസ്ഥയില്‍ പലബസ്സുകള്‍ക്കും ഈ വേഗം കൈവരിക്കാനാകില്ല എന്നതാണ് വാസ്തവം. തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിക്കുന്ന ബസ്സ് ചേര്‍ത്തലവരെ ഓടുന്നത് രണ്ടു വരി പാതയിലാണ്. ഇതിനിടയില്‍ കൊല്ലം, ആലപ്പുഴ നഗരങ്ങള്‍ പിന്നിടണം. ചേര്‍ത്തല മുതല്‍ മണ്ണുത്തിവരെ നാലുവരി പാതയില്‍ പറക്കാം, പക്ഷെ കുണ്ടന്നൂരും, വൈറ്റിലയും, ഇടപ്പള്ളിയും ആലുവയും കടക്കണം. തൃശ്ശൂരില്‍ നിന്ന് കാസര്‍കോട് വരെയും രണ്ട് വരി പാതയാണ്. ഈ പാതയില്‍ തന്നെ കോഴിക്കോടും, തലശ്ശേരിയും, കണ്ണൂരും പയ്യന്നൂരും അടക്കം നിരവധി കുപ്പിക്കഴുത്തുകളാണുള്ളത്. ഈ പ്രതിസന്ധികളൊക്കെ മറികടക്കണമെങ്കില്‍ തിരക്കൊഴിഞ്ഞ സ്ഥലങ്ങളില്‍ പരമാവധി വേഗം കൈവരിക്കണം. എന്നാല്‍ ഇത്തരം മേഖലകളിലാണ് ഭൂരിഭാഗം ക്യാമറകളും സ്ഥാപിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കുടുങ്ങുന്ന ബസ്സുകളിലെ പിഴ ആരൊടുക്കും എന്നത് സംബന്ധിച്ചും തര്‍ക്കമുണ്ട്. അതത് സര്‍വീസുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ തന്നെ പിഴയൊടുക്കണമെന്നാണ് അധികൃതരുടെ ഭാഗം. എന്നാല്‍ അപ്രായോഗികമായ സമയക്രമം നിശ്ചയിക്കുന്ന അധികൃതര്‍ അമിതഭാരം തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നാണ് ജീവനക്കാരുടെ പരാതി.

super fast, ksrtc, silver line jet,

കെ എസ് ആർ ടി സിയുടെ സിൽവർ ലൈൻ ജെറ്റ് നിറം മാറി സൂപ്പർ ഫാസ്റ്റ് ആയപ്പോൾ, ഫൊട്ടോകടപ്പാട് ഗോപികൃഷ്ണൻ, ആനവണ്ടിബ്ലോഗ്

ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് എയര്‍ ബസ്സുകള്‍ ഉപയോഗിക്കാത്തതും, ചില ബസ്സുകളില്‍ പുഷ്ബാക്ക് സീറ്റുകളില്ലാത്തതും തുടക്കത്തിലെ തന്നെ യാത്രക്കാരുടെ അപ്രീതിക്ക് കാരണമായിരുന്നു. വീതിയില്ലാത്ത കേരളത്തിലെ റോഡുകളില്‍ സില്‍വര്‍ലൈന്‍ ജെറ്റുകള്‍ നിരങ്ങി നീങ്ങിയതോടെ യാത്രക്കാര്‍ പൂര്‍ണ്ണമായും കൈവിട്ടു. തിരുവനന്തപുരം- കാസര്‍കോട് സര്‍വീസ് മണിക്കൂറുകളോളം വൈകുന്നത് സ്ഥിരം കഥയായി. ഒപ്പം ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച തിരുവനന്തപുരം -പാലക്കാട് സര്‍വീസിന്റെ സമയക്രമവും യാത്രക്കാര്‍ക്ക് സ്വീകാര്യമായിരുന്നില്ല. തുടക്കത്തില്‍ ഇതിലെ നിരക്ക് നിര്‍ണ്ണയത്തെക്കുറിച്ചും പരാതി ഉയര്‍ന്നിരുന്നു. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സ്വകാര്യ സര്‍വീസുകള്‍ പ്രധാന റൂട്ടുകളില്‍ പിടിമുറുക്കിയതോടെ സില്‍വര്‍ലൈന്‍ ജെറ്റിനെ യാത്രക്കാര്‍ പൂര്‍ണ്ണമായും കൈയൊഴിഞ്ഞ അവസ്ഥയിലായി.

ഇതോടെയാണ് സില്‍വര്‍ ലൈന്‍ ജെറ്റുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ സില്‍വര്‍ ലൈന്‍ ജെറ്റുകളും സൂപ്പര്‍ഫാസ്റ്റായി രൂപമാറ്റം വരുത്തിക്കഴിഞ്ഞു. അതേസമയം പുതിയതായി ആരംഭിക്കുന്ന മിന്നല്‍ സര്‍വീസിന് മുന്നോടിയായാണ് സില്‍വര്‍ലൈന്‍ ജെറ്റുകള്‍ പിന്‍വലിക്കുന്നതെന്നും സൂചനയുണ്ട്. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ രാത്രികാല സര്‍വീസായ മിന്നല്‍ ബുധനാഴ്ച്ച മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ