തിരുവനന്തപുരം: ഡി സിനിമാസ് എന്ന സിനിമാ സമുച്ചയത്തിനായി ഭൂമി കൈയേറിയതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് നടന്‍ ദിലീപിനോട് റവന്യു വകുപ്പിന്റെ നിര്‍ദേശം. കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിൽ പുറമ്പോക്ക് ഭൂമി കൈയേറിയാണ് തിയറ്റര്‍ പണിതതെന്നാണ് ആരോപണം.

ദിലീപിനെ കൂടാതെ ജില്ലാ സർവെ സൂപ്രണ്ട് അടക്കം ഏഴ് പേരോടും ഭൂമിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഈ മാസം 27ന് ഡി-സിനിമാസ് സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താനും റവന്യു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഭൂമി കൈയേറിയെന്ന ആരോപണത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോട്ടയം കളക്ടർക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. തൃശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിൽ കിഴക്കെ ചാലക്കുടി വില്ലേജിൽ 680/1, 681/1 എന്നീ സർവേ നമ്പറിലെ വസ്തുവാണ് ഗോപാലകൃഷ്​ണൻ എന്ന നടൻ ദിലീപ് വാങ്ങിയത്.

സർക്കാർവക ഭൂമിയിൽ കൃത്രിമ ആധാരങ്ങൾ ഉണ്ടാക്കി അനധികൃത നിർമാണം നടത്തുന്നുവെന്നായിരുന്നു ജില്ലാ കലക്​ടർക്ക്​ ആദ്യം ലഭിച്ച പരാതി. സർക്കാർവക തോടും ദേവസ്വം ഭൂമിയും കൈയേറിയെന്നും പരാതിക്കരാനായ കെ.സി സന്തോഷ് ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപിന്റെ മൊത്തം ഭൂമിയുടെയും പഴയ ഉടമസ്ഥാവകാശ രേഖകൾ സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിനും റവന്യൂ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ