തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിലേക്ക് എത്തുന്നവരെ നടത്തിക്കരുതെന്ന മന്ത്രിയുടെ നിർദ്ദേശം ഉത്തരവായി പുറത്തുവന്നു. റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്ക് ലാന്റ് റവന്യു കമ്മിഷണർ കൈമാറിയിരിക്കുന്ന ഉത്തരവിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരെ രണ്ടിൽ കൂടുതൽ തവണ നടത്തിക്കരുതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

നിയമപരമായി യാതൊരു തടസവുമില്ലെങ്കിൽ ഭൂനികുതി അപ്പോൾ തന്നെ സ്വീകരിക്കണം. എന്തെങ്കിലും കാരണത്താൽ നികുതി സ്വീകരിക്കാൻ സാധിക്കില്ലെങ്കിൽ തൊട്ടടുത്ത ദിവസം നിർബന്ധമായും സ്വീകരിച്ച് രസീത് നൽകണം. കരം സ്വീകരിക്കാൻ നിയമപരമായി തടസ്സമുണ്ടെങ്കിൽ ഇക്കാര്യം രേഖാമൂലം ഭൂവുടമയെ അറിയിക്കണം. പരാതികൾ ആർക്ക് നൽകണമെന്ന കാര്യവും ഈ കുറിപ്പിൽ വ്യക്തമാക്കിയിരിക്കണം.

പരാതികൾ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിൽ തഹസിൽദാരുമാരും കാലതാമസം വരുത്തരുത്. കരം വേഗത്തിൽ അടയ്ക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഉടനടി സ്വീകരിക്കണം. വില്ലേജ് ഓഫിസുകൾ മികച്ച നിലയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല തഹസിൽദാർമാർ കൃത്യമായി നിർവ്വഹിക്കണമെന്നും ഉത്തരവ് പറയുന്നു.

ക്രമക്കേട് കണ്ടെത്തുന്ന സാഹചര്യത്തിൽ വില്ലേജ് ഓഫീസ് ജീവനക്കാരെ മാറ്റാൻ തഹസിൽദാർമാർക്ക് അധികാരം നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇക്കാര്യം പരിഗണനയിലാണെന്ന് റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

മേൽനോട്ടം കാര്യക്ഷമമായി നടന്നില്ലെങ്കിൽ തഹസിൽദാർമാർക്ക് നേരെയും നടപടിയുണ്ടാകും. ഇനി മുതൽ വില്ലേജ് ഓഫീസുകളിൽ നിന്ന് വീഴ്ച ഉണ്ടായാൽ ആദ്യം നടപടിയെടുക്കുന്നത് സ്ഥലത്തെ തഹസിൽദാർക്ക് നേരെയായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ