തൊടുപുഴ: ഓണക്കാലത്തോടനുബന്ധിച്ചു വരുന്ന തുടര്‍ച്ചയായ അവധി ദിനങ്ങളില്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റവും അനധികൃത നിര്‍മാണവും മണ്ണെടുപ്പും നടത്താന്‍ പദ്ധതിയിട്ട ഭൂമാഫിയയ്ക്കു എതിരായി റവന്യൂ വകുപ്പിന്റെ നീക്കം. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ അവധി ദിനങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച് ഉത്തരവിറക്കിയാണ് ദേവികുളം സബ് കലക്ടർ വി.ആര്‍.പ്രേംകുമാര്‍ കൈയേറ്റ മാഫിയക്കു പൂട്ടിടാനൊരുങ്ങുന്നത്.

ഓണത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളില്‍ മൂന്നാര്‍, ചിന്നക്കനാല്‍ മേഖലകളില്‍ വന്‍തോതില്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റവും അനധികൃത നിര്‍മ്മാണവും മണ്ണെടുപ്പും നടക്കുമെന്നു റവന്യു വകുപ്പിന്റെ അനുമാനത്തിന്രെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പിന്റെ പുതിയ നീക്കം. തഹസില്‍ദാര്‍മാര്‍ക്കു പുറമെ ഡപ്യൂട്ടി തഹസില്‍ദാര്‍, സീനിയര്‍ ക്ലര്‍ക്ക്, വില്ലേജ് ഓഫിസര്‍മാര്‍, ഭൂസംരക്ഷണ സേനാംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് അവധി ദിനങ്ങളില്‍ പരിശോധന നടത്തുക. ബക്രീദ് ദിനമായ ഒന്നാം തീയതി ദേവികുളം തഹസില്‍ദാര്‍ എം.കെ.ഷാജിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം മൂന്നാറിന്റെ വിവിധ പ്രദേശങ്ങളില്‍ റോന്തുചുറ്റി ക്രമീകരണങ്ങള്‍ വിലയിരുത്തും.

ഓണത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിലെല്ലാം ഡപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ അഞ്ചു പേരടങ്ങുന്ന സംഘം ഭൂമി കൈയേറ്റവും അനധികൃത നിര്‍മാണവും നടക്കാനിടയുള്ള പ്രദേശങ്ങളിലെല്ലാം നിരന്തര പരിശോധന നടത്തും. അവധി ദിവസങ്ങളില്‍ ഓരോ സംഘവും നടത്തിയ പരിശോധന സംബന്ധിച്ച വിശദ വിവരങ്ങള്‍ തഹസില്‍ദാര്‍മാര്‍ നേരിട്ട് സബ് കലക്ടര്‍ക്കും ആര്‍ഡിഒ ഓഫിസിലും അറിയിക്കണമെന്നും ഉത്തരവിലുണ്ട്. അവധി ദിനങ്ങളില്‍ ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഹാജരായില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും സബ് കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അവധി ദിവസങ്ങളിലാണ് മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഭൂമികൈയേറ്റവും അനധികൃത നിര്‍മാണവും വ്യാപകമായി നടക്കുന്നതെന്നാണ് റവന്യൂ വകുപ്പിന്റെ വിലയിരുത്തൽ. ഇത്തവണ ഓണത്തോടനുബന്ധിച്ചു കൂടുതല്‍ ദിവസങ്ങള്‍ അവധിയായതിനാല്‍ കൈയേറ്റത്തിനുളള സാധ്യത കൂടുതലാണെന്ന നിഗമനമാണ് ഈ മുന്നൊരുക്കങ്ങൾക്ക് കാരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ