മൂന്നാർ: വീട് ഒഴിയണമെന്നാവശ്യപ്പെട്ട് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന് നോട്ടിസ്. ദേവികുളം സബ് കലക്ടറുടെ നിർദേശപ്രകാരം വില്ലേജ് ഓഫിസറാണ് നോട്ടിസ് നൽകിയത്. രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാ നഗറിലെ 7 സെന്റ് ഭൂമി പുറമ്പോക്കായതിനാൽ ഏഴ് ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടിസിൽ പറഞ്ഞിട്ടുള്ളത്. സ്വമേധയാ ഒഴിഞ്ഞില്ലെങ്കിൽ ബലമായി ഒഴിപ്പിക്കുമെന്നും നോട്ടിസിൽ പറഞ്ഞിട്ടുണ്ട്.
അതിനിടെ, വീട് ഒഴിഞ്ഞു പോകാൻ തൽക്കാലം തീരുമാനിച്ചിട്ടില്ലെന്ന് എസ്.രാജേന്ദ്രൻ പറഞ്ഞു. 10 സെന്റിൽ താഴെയുള്ള ഭൂമിയിൽ താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടെന്ന് സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചതാണ്. ഇതിനു വിപരീതമാണ് ഇപ്പോഴത്തെ നടപടി. ഈ പ്രദേശത്തുള്ള 30 പേർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. എന്നാൽ തന്നോട് മാത്രമാണ് വീട് ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ കോടതിയെ സമീപിച്ചെന്നും അദ്ദേഹം പറഞ്ഞു.
എസ്.രാജേന്ദ്രൻ കയ്യേറ്റ ഭൂമിയിലാണ് താമസിക്കുന്നതെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നുവന്നിരുന്നു. കൃത്യമായ ലാന്‍ഡ് അസസ്മെന്റ് നടപടിക്രമങ്ങള്‍ പ്രകാരമല്ലാതെ ലഭിച്ച പട്ടയമാണെന്നും വ്യാജപട്ടയമാണെന്നും ആരോപണം ഉയർന്നിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുപിന്നാലെ വിഷയവുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങി. രാജേന്ദ്രന് രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്കിയെകിലും മതിയായ രേഖകള്‍ ഹാജരാക്കിയില്ലെന്നാണ് റവന്യൂ വകുപ്പ് അറിയിച്ചത്.
ഇക്കാനഗറിൽ കെഎസ്ഇബിയുടെ ഭൂമി കൈവശം വയ്ക്കുന്ന ആളുകളെ ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് കോടതിയാണ് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ താമസിക്കുന്ന രാജേന്ദ്രൻ അടക്കമുള്ളവർക്ക് നോട്ടിസ് നൽകിയത്.