/indian-express-malayalam/media/media_files/uploads/2018/10/Father-Kuriakose-Kattuthara.jpg)
Father Kuriakose Kattuthara
ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പ്രതിയായ കന്യാസ്ത്രീയ പീഡന കേസിൽ, മുഖ്യസാക്ഷിയായിരുന്ന ഫാ കുര്യാക്കോസിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു. ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട വൈദികന്റെ ശരീരത്തിൽ പരിക്കുകളില്ലെന്നാണ് പരിശോധിച്ച ഡോക്ടർമാർ വ്യക്തമാക്കിയത്.
ശരീരത്തിന് അകത്തും പുറത്തും പരിക്കുകളില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. മരണകാരണം എന്തെന്ന് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തലുകൾ അപഗ്രഥിച്ച ശേഷമേ പറയാൻ സാധിക്കൂവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയിരിക്കുന്നത്.
ആന്തരികാവയവങ്ങൾ വിശദമായി പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മരണത്തിൽ അസ്വഭാവികതയുണ്ടെന്നും മൃതദേഹം ആലപ്പുഴയിൽ പോസ്റ്റ്മോർട്ടം നടത്തിയാൽ മതിയെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പഞ്ചാബിൽ തന്നെ പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു.
വൈദികന്റേത് സ്വാഭാവിക മരണമാണെന്നാണ് ജലന്ധറിലെ ഹോഷ്യാപുർ പൊലീസ് സൂപ്രണ്ട് ഇന്നലെ പറഞ്ഞത്. വിവാദമായ കന്യാസ്ത്രീ പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നൽകിയ ശേഷമാണ് വൈദികന്റെ മരണം. വൈദികന്റെ പെട്ടെന്നുളള മരണം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ തന്നെയാണ് സംശയത്തിന്റെ നിഴലിൽ നിർത്തുന്നതും.
മരണ കാരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപണമുന്നയിച്ച സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഫാദർ കുര്യാക്കോസിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫാദർ കുര്യാക്കോസ് മൊഴി നൽകിയതിന് പിന്നാലെ, രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്‍റെ വീട്ടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.