തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ തുടരും. പൊലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയാണ് സംസ്ഥാനത്തുടനീളം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയവരില്‍ നിന്ന് പൊലീസ് പിഴ ഈടാക്കുന്നുണ്ട്.
നിയന്ത്രണങ്ങളോട് പൊതുവെ ജനം അനുകൂലമായാണു പ്രതികരിക്കുന്നത്. അവശ്യമേഖകളില് പ്രവര്‍ത്തിക്കുന്നവരുടെ യാത്ര ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിച്ചാണു പൊലീസ് അനുവദിക്കുന്നത്. മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കു പുറത്തിറങ്ങിയവരുടെ യാത്ര രേഖകളുടെ അടിസ്ഥാനത്തിലും അനുവദിക്കുന്നുണ്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട യാത്ര ചെയ്യുന്നവര്‍ക്കു സത്യവാങ്മൂലം കാണിച്ച് യാത്രചെയ്യാന്‍ കഴിയും. അല്ലാത്തവര്‍ക്ക് ബോധവത്കരണം നല്കി മടക്കി അയക്കുകയാണ്.
Also Read: കോവാക്സിൻ: സർക്കാരിന് 600 രൂപ; സ്വകാര്യ ആശുപത്രികൾക്ക് 1200
നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. ഹാളുകള്‍ക്കുളളില്‍ പരമാവധി 75 പേര്‍ക്കും തുറസായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം. മരണാനന്തരചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. ചടങ്ങുകളില്‍ ആകെ പങ്കെടുക്കാവുന്നവരുടെ എണ്ണമാണ് ഇത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.