കൊച്ചി: കെഎസ്ആർടിസി, സ്വകാര്യ മേഖലകളിലുളള സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നതിന് വിലക്ക്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സീറ്റുകൾക്കനുസരിച്ച് മാത്രമേ യാത്രക്കാരെ കയറ്റാവൂവെന്നും ഉയർന്ന നിരക്ക് നൽകുമ്പോൾ യാത്രക്കാരന് ഇരുന്ന് യാത്ര ചെയ്യാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
മോട്ടോർ വാഹന ചട്ട പ്രകാരം സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളിൽ ആളുകളെ നിർത്തി യാത്ര ചെയ്യിക്കരുതെന്നുണ്ട്. സീറ്റുകൾക്ക് അനസരിച്ചുളള യാത്രക്കാരെ മാത്രമേ ബസിൽ കയറ്റാവൂവെന്നും ചട്ടമുണ്ട്. ഈ ചട്ടം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണിച്ച കോടതിയാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ്, ഡീലക്സ്, സൂപ്പര്‍ ഡീലക്സ് ബസുകള്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്.