Latest News

തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും; പുതിയ നിർദേശങ്ങൾ ഇങ്ങനെ

സർക്കാർ പരിപാടികളിൽ ഇരുപതിൽ താഴെ ആളുകൾ മാത്രമേ പങ്കെടുക്കാവൂ

covid-19, coronavirus kerala

തിരുവനന്തപുരം: തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുകയും സമ്പർക്കത്തിലൂടെയുള്ള രോഗബാധ കൂടുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് തീരുമാനം. ജില്ലയിൽ കോവിഡ് നിയന്ത്രണം ശക്തമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തലസ്ഥാനനഗരിയിൽ നടക്കുന്ന പ്രതിഷേധ പരിപാടികൾക്കും സമരങ്ങൾക്കും പത്ത് പേരിലധികം പങ്കെടുക്കരുത്.

സർക്കാർ പരിപാടികളിൽ ഇരുപതിൽ താഴെ ആളുകൾ മാത്രമേ പങ്കെടുക്കാവൂ. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്, കൂട്ടിരിപ്പിന് ഒരാള്‍ മാത്രമേ പാടുള്ളൂ. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോള്‍ പേരും വണ്ടി നമ്പറും കുറിച്ചെടുക്കണമെന്നും മന്ത്രി പറഞ്ഞു. നഗരത്തിൽ ഓട്ടോ ഡ്രൈവറായ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ നിരവധിപേരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

നഗരത്തിലെ രാഷ്‌ട്രീയ സമരങ്ങൾക്കെതിരെ മന്ത്രി കടകംപള്ളി നേരത്തെ രംഗത്തെത്തിയിരുന്നു. ചെന്നൈ, ബെംഗളുരൂ, ഡൽഹി എന്നീ നഗരങ്ങളെപ്പോലെ തിരുവനന്തപുരത്തെ രോഗബാധിത പ്രദേശമാക്കാൻ ചിലർ മനഃപൂർവം ശ്രമിക്കുന്നതായി മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും തിരുവനന്തപുരം നഗരത്തിൽ യാതൊരു ശ്രദ്ധയുമില്ലാതെ രാഷ്‌ട്രീയപാർട്ടികൾ നടത്തുന്ന പ്രക്ഷോഭങ്ങളെയും പ്രകടനങ്ങളെയും ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിമർശനം.

Read Also: വെെദികന്റെ മൃതദേഹം പള്ളിമുറ്റത്തെ കിണറ്റിൽ; സിസിടിവി ഓഫ് ചെയ്‌ത നിലയിൽ

“രാഷ്ട്രീയപാർട്ടികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുള്ള പ്രതിഷേധങ്ങളല്ല പലയിടത്തും നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നൂറുകണക്കിനു ആളുകളെ അണിനിരത്തിയുള്ള പ്രകടനങ്ങളും സമരങ്ങളും നഗരത്തിൽ നടന്നു. തിരുവനന്തപുരം നഗരത്തെ ചെന്നൈയിലെ പോലെ, ഡൽഹിയിലെ പോലെ രോഗവ്യാപനപ്രദേശമായി മാറ്റാനുളള സംഘടിതശ്രമമാണോ ഇതെന്ന് സംശയമുണ്ട്,” കടകംപള്ളി പറഞ്ഞു.

പല കടകളും സാമൂഹിക അകലം ലംഘിച്ച് കച്ചവടം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പകർച്ചവ്യാധി നിയമപ്രകാരം അത്തരം കടകൾക്കെതിരെ കേസെടുക്കും. ജില്ലയിൽ പലയിടത്തും വ്യാപകമായി കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മരണവീടുകളിലും വിവാഹ വീടുകളിലും അനുവദിക്കപ്പെട്ടതിലും അധികം ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കുന്നു. ഇതെല്ലാം രോഗവ്യാപനത്തിനുള്ള സാധ്യത വർധിക്കും. അതിനാൽ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ തിരുവനന്തപുരത്ത് സ്വയം ഐസോലേഷനില്‍ പ്രവേശിച്ചു. ജൂണ്‍ 15-ന് തൃശൂരില്‍ മന്ത്രി പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ഐസോലേഷനില്‍ പോകേണ്ടി വന്നത്. മന്ത്രി പ്രതിനിധീകരിക്കുന്ന തൃശൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് രോഗ ബാധയുണ്ട്.

കൃഷി മന്ത്രി സുനില്‍ കുമാര്‍ സ്വയം ഐസോലേഷനില്‍ പ്രവേശിച്ചു

മണ്ഡലത്തിലെ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനുവേണ്ടി മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉയര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ച ഒരു യോഗം തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ ചേരുകയുണ്ടായി. ഈ യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥയ്ക്ക് ഇന്നലെ രാത്രി കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തില്‍ പോകുന്നതിന് തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

മാസ്‌ക്, കയ്യുറ തുടങ്ങിയ കാര്യങ്ങള്‍ ധരിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തുതന്നെയാണ് ഞാന്‍ യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍, യോഗത്തില്‍ പങ്കെടുത്ത ഒരു വ്യക്തി പോസിറ്റീവ് ആയതിനാല്‍ ആ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഞാനും ഉള്‍പ്പെടുന്നു എന്നതുകൊണ്ടാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം വരുന്നതിനു മുമ്പുതന്നെ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്.

“കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ച് ഉത്തരവാദപ്പെട്ട ഒരാള്‍ എന്ന നിലയിലാണ് ഈ തീരുമാനം ഞാനെടുത്തത്. ഇന്ന് രാവിലെ 10ന് ചേരുന്ന മെഡിക്കല്‍ ബോര്‍ഡാണ് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്.  വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ഓണ്‍ലൈന്‍ വഴി ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയും. എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും വീട്ടിലിരുന്നുകൊണ്ടുതന്നെ കോ-ഓര്‍ഡിനേറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്,” ആശങ്കപ്പെടേണ്ട സാഹചര്യങ്ങള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Restrictions in thiruvanathapuram covid 19 kadakampally surendran

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express