കൊച്ചി: ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കുറയ്ക്കണമെന്ന് കേരള ഹൈക്കോടതി. ശബരിമലയിലും വാവര് നടയിലും ഉൾപ്പടെ ബാരിക്കേഡുകൾ നീക്കം ചെയ്യാൻ കോടതി നിർദ്ദേശിച്ചു. കോടതി നിയോഗിച്ച നിരീക്ഷക സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപ്പെടൽ.

വാവര് നട, മഹാകാണിക്ക, ലോവർ തിരുമുറ്റം, വലിയ നടപ്പന്തൽ അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡ് അടക്കമുള്ള മുഴുവൻ നിയന്ത്രണങ്ങളും നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ശരംകുത്തിയില്‍ രാത്രി തീര്‍ത്ഥാടകരെ തടയരുതെന്നും ശബരിമലയിലും രാത്രി 11 മണിക്ക് ശേഷം തീർത്ഥാടകരെ തടയരുതെന്നും കോടതി വ്യക്തമാക്കി.

കെഎസ്ആർടിസി ടൂ വേ ടിക്കറ്റ് നിർബന്ധമാക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിന് പുറമെ കലാകാരന്മാർക്ക് ശബരിമലയിൽ പരിപാടികൾ അവതരിപ്പിക്കാൻ നിയന്ത്രണങ്ങളുണ്ടോ എന്ന് ആരാഞ്ഞ കോടതി, ശിവമണിക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം അവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമല സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്ന് നിരീക്ഷക സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് ബാരിക്കേഡ് നീക്കുന്നതില്‍ നടപടി എടുക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.