അഹമ്മദാബാദ്: ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി അഹമ്മദാബാദില്‍ വെച്ച് നടത്തുന്ന സ്വച്ഛ് ശക്തി ക്യാംപില്‍ തട്ടമിട്ടവര്‍ക്ക് വിലക്കെന്ന് വെളിപ്പെടുത്തല്‍. ക്യാംപില്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് സാമൂഹ്യപ്രവര്‍ത്തകയും രാഷ്ട്രീയനേതാവുമായ അശ്വതി കെ.ടിയാണ് രംഗത്തെത്തിയിരിക്കുന്നത്.

പരിപാടിയില്‍ പങ്കെടുക്കാനായി വയനാട്ടില്‍ നിന്നുമെത്തിയ മൂപ്പൈയ്‌നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശഹര്‍ബാനത്ത് തലയില്‍ തട്ടമിട്ടതിനെ സംഘാടകര്‍ എത്തിര്‍ത്തതായി അശ്വതി പറയുന്നു. മോദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കറുത്ത തട്ടമിടുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു അവരുടെ നിലപാടെന്നും അശ്വതി പറഞ്ഞു.

പരിപാടിക്കായി കയറുന്നതിന് മുന്‍പ് എല്ലാവരേയും പരിശോധിച്ചിട്ടാണ് വിട്ടത്. പരിശോധനക്കിടെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ശഹര്‍ബാനത്തിനെ സംഘാടകര്‍ തടഞ്ഞുനിര്‍ത്തുകയും തട്ടമിട്ട് പോകാന്‍ കഴിയില്ലെന്ന് പറയുകയുമായിരുന്നു.

ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ വനിതാ ജനപ്രതിനിധികൾക്ക് നടത്തുന്ന സ്വച്ഛ് ശക്തി ക്യാംപിൽ പങ്കെടുക്കാൻ ഗുജരാത്തിലെ അഹമ്മദാബാദിലേക്ക് വന്നതാണ് ഞാൻ. രണ്ട് ദിവസമായി മോഡിയുടെ ഗുജറാത്ത് മോഡലിന്റെ വിശദീകരണമായിരുന്നു.

ഇന്ന് ഉച്ചക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി പരിപാടിയെ അഭിസംബോധന ചെയ്യുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാനായി വയനാട്ടിൽ നിന്നുമെത്തിയ മൂപ്പൈയ്നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശഹർബാനത്ത് തലയിൽ തട്ടമിട്ടതിനെ എതിർത്ത സംഘാടകർ ,മോഡിയുടെ പരിപാടിയിൽ പങ്കെടുക്കുന്നവർ കറുത്ത തട്ടമിടുന്നത് അനുവദിക്കാനാകില്ലെന്നാണ് പറഞ്ഞതെന്നും അശ്വതി പറയുന്നു.

സ്ഥലം എസ്പിയോട് പരാതിപ്പെട്ട് കേരളത്തിൽ നിന്നുള്ള അംഗങ്ങൾക്ക് അവസാനം അനുകൂലമായ തീരുമാനം ലഭിച്ചു. എങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്ക് പോലും തന്റെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാൻ സ്വാതന്ത്രമില്ലാത്ത ഈ നാട്ടിൽ വനിതാദിനം ആഘോഷിക്കുന്നതെന്തിനു വേണ്ടിയാണെന്നും അശ്വതി ചോദിക്കുന്നു.

6000 വനിതാ പ്രതിനിധികൾ പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധിയെ അപമാനിച്ചതിന് ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. അതാകട്ടെ മലയാളിയുടെ ഈ വർഷത്തെ വനിതാദിനാഘോഷമെന്നും അശ്വതി പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി വിവിധ സ്ത്രീ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ