തിരുവനന്തപുരം: കേരളത്തില്‍ വിജയകരമായി നടപ്പിലാക്കുന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതികളെ മധ്യപ്രദേശും മാതൃകയാക്കുന്നു. പദ്ധതികള്‍ നടപ്പിലാക്കാന്‍ മധ്യപ്രദേശിനെ കേരള ഉത്തരവാദിത്വ മിഷന്‍ സഹായിക്കും. ഇതിനയി ഇരുസംസ്ഥാനങ്ങളും കരാര്‍ ഒപ്പിട്ടുവെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു.

കേരള ടൂറിസം സെക്രട്ടറി റാണി ജോര്‍ജും മദ്ധ്യപ്രദേശ് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായ ഫൈസ് അഹമ്മദ് ക്വിദ്വായിയുമാണ് കരാറില്‍ ഒപ്പിട്ടത്. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കുന്നതു മുതല്‍ നിര്‍വഹണം വരെയുള്ള 16 കാര്യങ്ങളാണ് മധ്യപ്രദേശില്‍ നടപ്പാക്കുന്നതിന് മധ്യപ്രദേശ് ടൂറിസം ബോര്‍ഡിനെ ഉത്തരവാദിത്തടൂറിസം മിഷന്‍ സഹായിക്കുക.

2022 വരെ സംസ്ഥാനം മധ്യപ്രദേശിനെ ഈ മേഖലയില്‍ സഹായിക്കും. പദ്ധതിയുടെ നിര്‍വഹണ ചുമതല മധ്യപ്രദേശ് ടൂറിസം ബോര്‍ഡിനും കേരള ഉത്തരവാദിത്ത ടൂറിസം മിഷനും ആണ്. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാറും മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ ഡോ: മനോജ്കുമാര്‍ സിംഗുമാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാര്‍.

ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിലെക്കായി വിവിധ സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനെ മദ്ധ്യപ്രദേശ് ടൂറിസം ബോര്‍ഡ് സമീപിച്ചിരുന്നു. ഇതിന്റെ മദ്ധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ടൂറിസം ബോര്‍ഡ് പ്രതിനിധികളും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ , ടൂറിസം സെക്രട്ടറി റാണിജോര്‍ജ്, ഡയറക്ടര്‍ പി ബാല കിരണ്‍, ഉത്തരവാദിത്തടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാറും നിരവധി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് കരാറിന് അന്തിമ രൂപം നല്‍കിയത്. കരാറിന്റെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന് രൂപേഷ് പറഞ്ഞു.

2017 ജൂണ്‍ മാസത്തില്‍ നിലവില്‍ വന്ന ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തങ്ങള്‍ കേരളത്തിലെ ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ട് വന്നിട്ടുള്ളത്.

Read Also: കൊറോണ ഐപിഎല്ലിനും മഹാമാരിയാകുമോ? ആശങ്കയോടെ ഫ്രാഞ്ചൈസികൾ

ടൂറിസം രംഗത്ത് പ്രാദേശിക ജനകീയ പങ്കാളിത്തം ഉറപ്പാക്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ കേരള ടൂറിസം വകുപ്പ് നടത്തുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷനില്‍ സംസ്ഥാനത്ത് പതിനേഴായിരത്തിലധികം രജിസ്റ്റേര്‍ഡ് യൂണിറ്റുകളും ഒരു ലക്ഷത്തോളം ഗുണഭോക്താക്കളുമുണ്ട്.

ഇതില്‍ 13,567 യൂണിറ്റുകള്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ സ്ത്രീകള്‍ നയിക്കുന്നതോ ആണെന്ന് രൂപേഷ് കുമാര്‍ പറയുന്നു. 2017 ഓഗസ്റ്റ് മുതല്‍ 2020 ഫെബ്രുവരി 29 വരെ 28 കോടി രൂപയുടെ വരുമാനം ആര്‍ ടി മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ പ്രാദേശിക ജന സമൂഹത്തിനു ലഭ്യമായിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വഴി പ്രാദേശിക സമൂഹത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാദിത്ത പൂര്‍ണമായ ഒരു ടൂറിസം സംസ്‌കാരം കേരളത്തില്‍ വളര്‍ത്തിയെടുക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാദേശികമായും ദേശീയ അന്തര്‍ദ്ദേശീയ തലത്തിലും ഈ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. അന്താരാഷ്ട്രതലത്തില്‍ ടൂറിസം രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡുകളില്‍ ഒന്നായ ഡബ്ലിയു ടി എം ഗോള്‍ഡ് അവാര്‍ഡ്, സ്ത്രീ ശാക്തീകരണത്തിനുള്ള പാറ്റ അവാര്‍ഡ് ഉള്‍പ്പെടെ 4 അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ഉള്‍പ്പെടെ 7 അവാര്‍ഡുകള്‍ ആര്‍ ടി മിഷനിലൂടെ കേരള ടൂറിസത്തിന് ലഭ്യമായിട്ടുണ്ട്.

Read Also: കൊറോണയില്‍ വിറച്ച് ടൂറിസം മേഖലയും; ബുക്കിങ്ങുകള്‍ റദ്ദായി തുടങ്ങി

ജനകീയ പങ്കാളിത്തത്തോടെയുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാതൃകയാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷനെന്നും ഈ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സഹായത്തോടെ മധ്യപ്രദേശ് നടപ്പാക്കുന്നതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. ജനപങ്കാളിത്ത കേന്ദ്രീകൃതവും പരിസ്ഥിതി സൗഹൃദവുമായ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കാണ് കാലിക പ്രസക്തി എന്ന് രാജ്യം തിരിച്ചറിഞ്ഞു എന്നതാണ് ഈ ധാരണാ പത്രത്തിന്റെ പ്രധാന്യമെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.