Latest News

ക്രിസ്‌മസ് കേക്കുമായി മന്ത്രിമാർ രാജ്ഭവനിലേക്ക് പോയി, ഗവർണറുടെ കാലുപിടിക്കുന്നതുപോലെ അപേക്ഷിച്ചു; സർക്കാരിനെതിരെ പ്രതിപക്ഷം

ആരെയാണ് സർക്കാർ പേടിക്കുന്നതെന്ന് യുഡിഎഫ്

തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനം ചേരാനുള്ള ശുപാർശ തള്ളിയ ഗവർണറുടെ നടപടി ഭരണഘടന ലംഘനമെന്ന് ആവർത്തിച്ച് പ്രതിപക്ഷം. എന്നാൽ, ഗവർണറുടെ നടപടിയോട് സർക്കാർ തണുപ്പൻ മട്ടിലാണ് പ്രതികരിച്ചതെന്നും പ്രതിപക്ഷം വിമർശിച്ചു. കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുമ്പോഴാണ് പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചത്.

“ഡിസംബർ 23 ന് നിയമസഭ ചേരാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ഗവർണർ അനുമതി നൽകിയില്ല. നിയമസഭയിൽ ഭൂരിപക്ഷമുള്ള ഒരു സർക്കാർ സമ്മേളനത്തിനു ശുപാർശ ചെയ്യുമ്പോൾ അതിനു അനുമതി നൽകുകയാണ് ഗവർണറുടെ കടമ. എന്നാൽ, തീർത്തും ഭരണഘടന ലംഘനമാണ് ഗവർണർ നടത്തിയത്. ഗവർണറോട് മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കേണ്ടിയിരുന്നു. എന്നാൽ, സർക്കാർ ഇതിനെ വളരെ ലാഘവബുദ്ധിയോടെ കണ്ടു. തണുപ്പൻ മട്ടിലായിരുന്നു സർക്കാർ ഗവർണറുടെ നടപടിയോട് പ്രതികരിച്ചത്,” കോൺഗ്രസ് എംഎൽഎ കെ.സി.ജോസഫ് പറഞ്ഞു.

“നിയമസഭ സമ്മേളനത്തിനു അനുമതി നിഷേധിച്ച ഗവർണറെ കാണാൻ രണ്ട് മന്ത്രിമാർ ക്രിസ്‌മസ് കേക്കുമായി രാജ്‌ഭവനിലേക്ക് പോയി. ഗവർണറുടെ കാലുപിടിക്കുന്നതുപോലെ അപേക്ഷിച്ചു. നമ്മൾ ആരെയാണ് ഭയക്കുന്നത് ?” കെ.സി.ജോസഫ് ചോദിച്ചു. പ്രമേയം പാസാക്കുന്നതിനു പകരം ഒരു കാർഷിക നിയമങ്ങൾക്കെതിരായ ഒരു ബിൽ കൊണ്ടുവരികയായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നതെന്നും ജോസഫ് പറഞ്ഞു.

Read Also: കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി; നിയമസഭാ നടപടികൾ ആരംഭിച്ചു

അതേസമയം, കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു. നിയമസഭാ ചട്ടം 118 പ്രകാരമായിരുന്നു പ്രമേയം അവതരിപ്പിച്ചത്. മന്ത്രി ഇ.ചന്ദ്രശേഖരൻ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു. യുഡിഎഫും പ്രമേയത്തെ അനുകൂലിച്ചു. ആരോഗ്യപ്രശ്‌നങ്ങളാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനത്തിൽ പങ്കെടുത്തില്ല. യുഡിഎഫിൽ നിന്ന് കെ.സി.ജോസഫ് എംഎൽഎയാണ് പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. പ്രമേയത്തിൽ യുഡിഎഫ് ഭേദഗതി നിർദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശം പ്രമേയത്തിൽ വേണമെന്ന് കെ.സി.ജോസഫ് ആവശ്യപ്പെട്ടു.

കേന്ദ്രം പാസാക്കിയ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങൾ കോർപറേറ്റുകൾക്ക് വേണ്ടിയാണ്. ന്യായവില എടുത്തുകളയുന്നതാണ് നിയമങ്ങൾ. കർഷക പ്രതിഷേധം തുടർന്നാൽ അത് കേരളത്തെ വലിയ രീതിയിൽ ബാധിക്കും. കർഷകരുടെ സമരത്തിനു പിന്നിൽ വലിയ ഇച്ഛാശക്തിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

മന്ത്രിമാരായ എ.കെ.ബാലൻ, വി.എസ്.സുനിൽ കുമാർ എന്നിവരാണ് നേരത്തെ ഗവർണറെ രാജ്‌ഭവനിൽ പോയി കണ്ടത്. നിയമസഭ സമ്മേളനത്തിനു അനുമതി തേടിയായിരുന്നു മന്ത്രിമാർ ഗവർണറെ കണ്ടത്. ഏകദേശം അരമണിക്കൂർ ഈ ചർച്ച നീണ്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Resolution against farm law kerala assembly pinarayi vijayan ldf udf

Next Story
കുതിരാനിൽ വൻ വാഹനാപടം; മൂന്ന് മരണം, ഗതാഗതം സ്‌തംഭിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express