പാലക്കാട്: രാജിവെച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. പാലക്കാട് കല്‍പ്പാത്തി വാര്‍ഡിലെ കൗണ്‍സിലറായ ശരവണനാണ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസമാണ് ശരവണന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇദ്ദേഹം രാജിവെച്ചത്. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്.

രാജിവെച്ച കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ ഇന്ന് ബിജെപി ഓഫീസില്‍ എത്തിയിരുന്നു. നഗരസഭാ ഭരണസമിതിക്കെതിരെ അവിശ്വാസം പ്രമേയം കൊണ്ടുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാജിവെച്ച ശേഷം കാണാതായ കോണ്‍ഗ്രസ് കൗണ്‍സിലറാണ് ശരവണന്‍. ഇന്ന് വൈകിട്ടോടെയായിരുന്നു അദ്ദേഹം ബിജെപി നേതാക്കള്‍ക്കൊപ്പം ഓഫീസിലെത്തിയത്.

ബിജെപി ഭരണസമിതിക്കെതിരായ അവിശ്വാസം ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പായിരുന്നു ശരവണന്റെ രാജി. ഇതോടെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു. തന്നെ കാണാനില്ലെന്ന് വ്യാജ പരാതി നല്‍കിയ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനെതിരെ പൊലീസില്‍ പരാതി നല്‍കിയ ശേഷമായിരുന്നു ശരവണന്‍ ബിജെപി ഓഫീസിലെത്തിയത്.

അതേസമയം, തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോയതാണെന്നും ശരവണന്‍ പറഞ്ഞു. കോണ്‍ഗ്രസ് സി.പി.എമ്മിന്റെ പിന്തുണ തേടിയത് യോജിക്കാനാകുന്നില്ലെന്നും അതിനാലാണ് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതെന്നും ശരവണന്‍ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ