തിരുവനന്തപുരം: കേരള ബാങ്ക് ആരംഭിക്കാനുളള നടപടികളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാം. ഇത് സംബന്ധിച്ച് റിസർവ് ബാങ്കിന് നൽകിയ അപേക്ഷ തത്വത്തിൽ അംഗീകരിച്ച് റിസർവ് ബാങ്ക് മറുപടി കത്തയച്ചു. നീക്കത്തെ അഭിനന്ദിക്കുകയും നിലവിലെ ചട്ടപ്രകാരം തന്നെ 14 ജില്ല സഹകരണ ബാങ്കുകളെയും അവയുടെ ബ്രാഞ്ചുകളെയും ഉപ ബാങ്കുകളെയും യോജിപ്പിക്കണമെന്നാണ് തീരുമാനം.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കേരള ബാങ്ക് തുടങ്ങാനുളള നടപടികൾ റിസർവ് ബാങ്കിന്റെ അനുമതി അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചശേഷം ആരംഭിക്കുമെന്നാണ് മന്ത്രി കടകംപളളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

നബാർഡ് മുന്നോട്ട് വച്ച നിബന്ധനകളും റിസർവ് ബാങ്കിനുണ്ടായിരുന്ന സംശയങ്ങളുമാണ് സഹകരണ മേഖലയെ അടിമുടി മാറ്റുന്ന കേരള ബാങ്ക് എന്ന ആശയത്തെ വൈകിപ്പിച്ചത്. ജില്ലാ ബാങ്കുകളുടെ ശാഖകള്‍ കേരള ബാങ്കിന്റേതാക്കി മാറ്റണമെങ്കില്‍ ബാങ്കിം​ഗ് റെഗുലേഷന്‍ ആക്ട് പാലിച്ചിരിക്കണമെന്നാണ് നബാർഡിന്റെ ആദ്യ ആവശ്യം.

ലയന വിശദാംശങ്ങള്‍ ഇടപാടുകാരെ നോട്ടിസിലൂടെ അറിയിക്കണം, ലയനം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ എല്ലാ ഇടപാടുകാര്‍ക്കും കെവൈസി ഉറപ്പു വരുത്തണം എന്നും ആവശ്യപ്പെട്ടു. ജില്ലാ ബാങ്കുകളിലെ ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, മറ്റ് വ്യക്തികള്‍ എന്നിവരുടെ പേരിലുള്ള കേസുകളുടെ വിവരം സംസ്ഥാന സഹകരണ ബാങ്ക് ശേഖരിച്ച് റിസർവ് ബാങ്കിന് കൈമാറണം.

ഭരണസമിതി അംഗങ്ങള്‍, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, പ്രൊഫഷണല്‍ ഡയറക്ടര്‍മാര്‍ എന്നിവരെ നിയമിക്കുന്നതിന് നബാര്‍ഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജീവനക്കാരുടെ നിയമനത്തിന് റിക്രൂട്ട്‌മെന്റ് പോളിസി ഉണ്ടാക്കണമെന്നും ലയനത്തിന് മുമ്പും ശേഷവുമുണ്ടാക്കുന്ന ഓഹരിവിലയിലെ മാറ്റം അംഗങ്ങളെ അറിയിക്കണമെന്നും നബാർഡ് നിർദ്ദേശിച്ചിട്ടുണ്ട്. സൈബര്‍ സുരക്ഷ ഉറപ്പു വരുത്താനും കൃത്യമായ ഓഡിറ്റിങുമാണ് മറ്റ് നിർദ്ദേശങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.