ആലപ്പുഴ: പിണറായി സർക്കാരിന്രെ സാമ്പത്തിക സംവരണ നയത്തിനെതിരെ വിയോജിപ്പ് ശക്തമാകുന്നു. വെളളാപ്പളളി നടേശനും മുസ്‌ലിം ലീഗുമാണ് സർക്കാർ തീരുമാനത്തിനെതിരെ രംഗത്തു വന്നത്. എൻഎസ്എസ് നേതൃത്വം പറഞ്ഞിടത്ത് ഒപ്പുവയ്ക്കുകയാണ് സർക്കാർ ചെയ്തതെന്ന് വെളളാപ്പളളിയും അനാവശ്യ ഇടപെടലാണ് സർക്കാരിന്രേതെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപിയും കുറ്റപ്പെടുത്തി.

കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് സംവരണം സംബന്ധിച്ച് സർക്കാർ നയം മുഖ്യമന്ത്രി വ്യക്തമാക്കിയത്. ദേവസ്വം റിക്രൂട്ട്മെന്ര് ബോർഡിൽ മൂന്നോക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനൊപ്പം മറ്റ് മേഖലകളിൽ സാമ്പത്തിക സംവരണം നടപ്പാക്കാൻ ഭരണഘടനാ ഭേദഗതി വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഈ വിഷയത്തിൽ ശക്തമായ വിയോജിപ്പ് ഇടതുപക്ഷ മണ്ഡലത്തിൽ നിന്നും തന്നെ ഉയർന്നു വന്നു. അത് വ്യാപകമാകുന്ന സാഹചര്യത്തിലാണ്  ബിജെപിയോട് അകലുന്ന വെളളാപ്പള്ളി നടേശൻ  സർക്കാരിന്രെ നിലപാടിനെതിരെ പരസ്യമായി രംഗത്തു വന്നത്.

എൻഎസ്എസ് നേതൃത്വം പറഞ്ഞിടത്ത് ഒപ്പ് വയ്ക്കുകയാണ് സർക്കാർ ചെയ്തതെന്ന് സർക്കാരിന്രെ സംവരണ നയ തീരുമാനത്തെ വിമർശിച്ച് വെളളാപ്പളളി നടേശൻ അഭിപ്രായപ്പെട്ടത്. തികച്ചും നിർഭാഗ്യകരമായ തീരുമാനമാണ് സർക്കാരിന്രെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സംവരണ തീരുമാനത്തെ നിയമപരമായി നേരിടുമെന്നും വെളളാപ്പളളി പറഞ്ഞു.

സർവ്വ മേഖലകളിലും സാമ്പത്തിക സംവരണം കൊണ്ടുവരണമെന്ന് പറയുന്ന മുഖ്യമന്ത്രി ബിജെപിയുടെ ആവശ്യങ്ങൾ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ എംപി അഭിപ്രായപ്പെട്ടു. സംവരണം എടുത്തുകളയണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്രത്തിന്രെ വാദങ്ങൾക്ക് ശക്തിപകരുന്നതാണ് ഈ നിലപാട്. സാമൂഹിക നീതി നടപ്പാക്കാനുളള പദ്ധതിയാണ് സംവരണം. അതിനെ ദാരിദ്ര്യ നിർമാർജനപദ്ധതിയായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡ് നിയമനം പിഎസ്‌സി വഴി നടത്താൻ സാധിക്കില്ലെന്ന് മുഹമ്മദ് ബഷീർ പറഞ്ഞു. വഖഫ് ആക്ട് പ്രകാരം മുസ്‌ലിം വിഭാഗക്കാരെ മാത്രം നിയമിക്കാൻ കഴിയുന്ന സ്ഥലത്ത് എങ്ങനെ പിഎസ്‌സി വഴി നിയമനം നടത്താൻ സാധിക്കും? അഴിമതി കണ്ടെത്തിയതിനാൽ വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടുവെന്നാണ് സർക്കാരിന്രെ വാദം. അഴിമതി തടയുകയാണ് വേണ്ടത്. അതിനെ പിന്തുണയ്ക്കുന്നു. എന്നാൽ ഇപ്പോൾ നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടത് ശരിയായില്ല. സംവരണ വിഷയത്തിലും വഖഫ് ബോർഡ് നിയമനത്തിലും സർക്കാരിന്രേത് അനാവശ്യ നിലപാടാണെന്ന് ആദ്ദേഹം പറഞ്ഞു.

ഇടതുചിന്തകനായ സുനിൽ പി.ഇളയിടം, കോൺഗ്രസ് എംഎൽഎ വി.ടി.ബൽറാം തുടങ്ങി നിരവധി പേർ സർക്കാരിന്ര സംവരണ നയത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ