തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ സംവരണം നല്‍കാനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലേയ്ക്കും കേരളാ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖേന നടത്തുന്ന നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണ് മന്ത്രിസഭയുടെ തീരുമാനം.  ഇതിന് പുറമെ പട്ടികജാതി/ വർഗ വിഭാഗങ്ങൾക്കും ഈഴവർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുമുളള സംവരണവും വർദ്ധിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് പുറമെ നിലവില്‍ 14 ശതമാനം സംവരണം ഉണ്ടായിരുന്ന ഈഴവ സമുദായത്തിന്രെ സംവരണം 17 ശതമാനമാക്കി ഉയർത്തും. പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗത്തിന് നിലവിലുണ്ടായിരുന്ന 10 ശതമാനം സംവരണം 12 ശതമാനമാക്കി. ഈഴവരൊഴിച്ചുള്ള ഹിന്ദു ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നിലവില്‍ ഉണ്ടായിരുന്ന മൂന്ന് ശതമാനം സംവരണം ആറ് ശതമാനമായി വര്‍ധിപ്പിക്കാനും തീരുമാനിച്ചു. ഈ തീരുമാനം നടപ്പാക്കുന്നതിന് ദേവസ്വം റിക്രൂട്ട്മെന്റ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ശ്രീനാരായണ ഗുരുവിന്രെ ജാതിയില്ലാ വിളംബരത്തിന്രെ വാർഷികാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് അദ്ദേഹത്തിന്രെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യനെയും സാംസ്കാരികവകുപ്പ് സെക്രട്ടറി റാണി ജോർജിനെയും ചുമതലപ്പെടുത്തിയാതായി മുഖമന്ത്രി അറിയിച്ചു. വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125ആം വാര്‍ഷികം ‘വിവേകാനന്ദ സ്പര്‍ശം’ എന്ന പേരില്‍ നവംബര്‍ 27 മുതല്‍ ഡിസംബര്‍ 28 വരെ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ആഘോഷിക്കും.

സംസ്ഥാന വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. നിലവിലുളള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുളള ഒഴിവുകളായിരിക്കും പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്യുക.

ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 60 വയസ്സായി ഉയര്‍ത്തും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 62 വയസ്സായി വര്‍ധിപ്പിക്കും. പരിചയസമ്പന്നരായ ഡോക്റ്റര്‍മാരുടെ ദൗര്‍ലഭ്യം ആരോഗ്യമേഖലയിലെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് കണക്കിലെടുത്താണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ