കൊച്ചി: ക്രിസ്ത്യൻ നാടാർ സമുദായത്തെ സംവരണ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ക്രിസ്ത്യൻ നാടാർ വിഭാഗം ഹിന്ദു നാടാർ സമുദായത്തിൽ നിന്ന് പരിവർത്തനം ചെയ്തവരാണന്നും സംവരണത്തിന് അവകാശമില്ലെന്നുമുള്ള വാദം കോടതി നിരസിച്ചു.

ക്രിസ്ത്യൻ നാടാർ വിഭാഗത്തിന് നാടാർ സമുദായത്തിനുള്ള സംവരണാവകാശത്തിന്ന് അർഹതയില്ലെന്ന് ആരോപിച്ച് അയ്യവൈകുണ്ഠസ്വാമി മിഷൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്നാക്ക സംവരണ പട്ടികയിൽ ക്രിസ്ത്യൻ നാടാർ സമുദായത്തെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംവരണം നിഷേധിക്കാനാവില്ലെന്നും സർക്കാർ ബോധിപ്പിച്ചു. നാടാർ സമദായത്തിൽ നിന്ന് ഒരു വിഭാഗം പരിവർത്തനം ചെയ്താലും അവരുടെ പിന്നാക്കാവസ്ഥക്ക് മാറ്റമുണ്ടാവുന്നില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

Read Also: ഒരു മത്സരം, അഞ്ച് അർധസെഞ്ചുറികൾ; ചരിത്രമെഴുതി ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടി20

സംസ്ഥാന രുപീകരത്തിന് ശേഷം സർക്കാർ പുറപ്പെടുവിച്ച സംവരണ സമുദായ പട്ടികയിൽ ക്രിസ്ത്യൻ നാടാർ വിഭാഗത്തെ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നാടാർ സമുദായത്തിന്റെ ജീവിത സാഹചര്യങ്ങൾ പരിശോധിച്ച പിന്നാക്ക വിഭാഗ കമ്മിഷൻ ഇരു വിഭാഗങ്ങൾക്കും ആനുപാതികമായി സംവരണം നൽകാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു.

ക്രിസ്ത്യൻ നാടാർ സമുദായം സംവരണ വിഭാഗത്തിൽ വരുമെന്ന് ഹൈക്കോടതി തന്നെ നേരത്തെ കണ്ടെത്തിയിട്ടുണ്ടന്ന് ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. മാത്രമല്ല പിന്നാക്ക വിഭാഗ കമ്മീഷന്റെ കണ്ടെത്തലുകളേയും ശുപാർശകളേയും ഹർജിക്കാർ ചോദ്യം ചെയ്തിട്ടില്ല. സംവരണം നൽകിയ സർക്കാർ തീരുമാനത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.