കോട്ടയം: ഹൈറേഞ്ച് പിടിക്കാനും ഇടുക്കിയിൽ സ്വാധീനമുറപ്പിക്കാനുമുളള​ സിപിഎമ്മിന്റെ സ്വപ്ന പട്ടത്തെ പട്ടയം പൊട്ടിക്കുമോ?. ഇടതുപക്ഷ സർക്കാരിന്റെ പട്ടയ മേളയ്ക്കെതിരെ ഉയർന്നിരിക്കുന്ന അമർഷമാണ് ഹൈറേഞ്ച് പിടിക്കാനുളള​ സിപിഎമ്മിന്റെ തന്ത്രങ്ങൾക്ക് തിരിച്ചടിയാകുമെന്ന് തോന്നലുളവാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇടുക്കി ജില്ലയില്‍ ഇടതുപക്ഷത്തിനൊപ്പം പ്രത്യേകിച്ച് സിപിഎമ്മിന്റെ വലംകൈയായി മാറിയ ഹൈറേഞ്ച് സംരക്ഷണ സമിതി ഈ മാസം 21 ന് നടത്തിയ പട്ടയമേളയോട് തങ്ങളുടെ അമർഷം പരസ്യമാക്കിയിരിന്നു. പട്ടയ വിതരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന വികാരമാണ് ഇപ്പോള്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ഉയര്‍ത്തുന്നത്. ചൊവ്വാഴ്ച കട്ടപ്പനയില്‍ ചേര്‍ന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ജനറല്‍ ബോഡി മീറ്റിംഗിലുടനീളം സര്‍ക്കാരിന്റെ പട്ടയ നടപടികള്‍ക്കു വേഗം പോരെന്ന വിലയിരുത്തലാണുണ്ടായത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇടുക്കി ജില്ലയിലെ അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും ഉപാധി രഹിത പട്ടയം നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയ മേള ഉദ്ഘാടനത്തിനിടെ കട്ടപ്പനയില്‍ വച്ചു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം നിലവിലെ സാഹചര്യത്തില്‍ നടപ്പാകില്ലെന്നാണ് സമിതി ചൂണ്ടിക്കാട്ടുന്നത്.

കട്ടപ്പനയില്‍ വച്ചു നടത്തുന്ന പട്ടയ മേളയില്‍ പതിനായിരം കര്‍ഷകര്‍ക്കു പട്ടയം നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനമെങ്കിലും വിതരണം ചെയ്തതാകട്ടെ നാലായിരത്തില്‍ താഴെ പട്ടയങ്ങള്‍ മാത്രമാണ്. പട്ടയങ്ങളുടെ എണ്ണം പതിനായിരം തികയ്ക്കാന്‍ രണ്ടു തവണ പട്ടയ മേള നടത്തുന്ന തീയതി നീട്ടിവച്ചുവെന്നും സമിതി കുറ്റപ്പെടുത്തുന്നു. ഉപാധി രഹിത പട്ടയങ്ങള്‍ നല്‍കണമെങ്കില്‍ പട്ടയത്തിന് അപേക്ഷിക്കാനുള്ള വരുമാന പരിധിയായ ഒരു ലക്ഷം രൂപയെന്നത് മാറ്റുകയും നിലവിലുള്ള ഭൂ നിയമങ്ങള്‍ മാറ്റുകയും വേണം. മാര്‍ച്ചില്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യങ്ങളില്‍ തീരുമാനമായതുമാണ്. എന്നാല്‍ ഈ വിഷയങ്ങള്‍ ഉത്തരവായി ഇറങ്ങാത്തതിനാല്‍ തുടര്‍ നടപടികള്‍ സാധ്യമാകുന്നില്ലെന്നും അതു കൊണ്ടു തന്നെ രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും പട്ടയമെന്ന പ്രഖ്യാപനം വെറും വാഗ്ദാനം മാത്രമാണെന്നും സമിതി ജനറല്‍ ബോഡി യോഗം കുറ്റപ്പെടുത്തുന്നുണ്ട്.

pinarayi vijayan, pattayam, idukki, cpm, hirange samrakshana samithi

മുഖ്യമന്ത്രിയിൽ നിന്നും പട്ടയം സ്വീകരിച്ചവരുടെ സന്തോഷം

‘മരം മുറിക്കുന്നതിനുള്ള നിരോധനം നിര്‍ബന്ധമായും ഒഴിവാക്കണം. 1993-ല്‍ പ്രത്യേക ചട്ടമനുസരിച്ച് പട്ടയം നല്കിയ ഭൂമിയുടെ സ്റ്റാറ്റസ് റിസര്‍വ് വനത്തിന്റേതാണെന്നു പ്രഖ്യാപിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കുക തുടങ്ങിയ കാര്യങ്ങളില്‍ എടുത്ത തീരുമാനം ഉടന്‍ നടപ്പാക്കണം. പട്ടയത്തിന് അപേക്ഷിക്കാന്‍ ഉടന്‍ അവസരമൊരുക്കണം. ഭൂപതിവ് ഓഫീസുകളിലെ ഒഴിവുകള്‍ നികത്തി നന്നായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാതെ നടപടികള്‍ വേഗത്തിലാക്കണം. കസ്തൂരിരംഗന്‍ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി വേഗത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കണം. ഇപ്പോള്‍ പട്ടയത്തിനു. പരിഗണിക്കപ്പെടാത്ത പ്രദേശങ്ങളായ രാജാക്കാട്, ഇരട്ടയാര്‍, മുരിക്കാശേരി, അയ്യപ്പന്‍കോവില്‍, തോപ്രാംകുടി, കല്ലാര്‍കുട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ സായാഹ്നധര്‍ണ നടത്തും,’ ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറയുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എല്‍ഡിഎഫും ഹൈറേഞ്ച് സംരക്ഷണ സമിതിയും ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയ വിഷയങ്ങളിലൊന്നായിരുന്നു പട്ടയ പ്രശ്‌നവും കസ്തൂരിരംഗനും. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുമെന്നായിരുന്നു എല്‍ഡിഎഫ് പ്രഖ്യാപിച്ചിരുന്നത്. കസതൂരിരംഗന്‍ പട്ടയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലീഗല്‍ അഡ്വൈസറായ അഡ്വക്കേറ്റ് ജോയ്‌സ് ജോര്‍ജ് എല്‍ഡിഎഫ് പിന്തുണയോടെ ഇടുക്കി എംപിയായി ജയിച്ചു കയറിയത്. എന്നാല്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലുള്ളവര്‍ക്കു പട്ടയം നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും തീരുമാനമെടുക്കാത്തതും കസ്തൂരിരംഗന്‍ വിഷയത്തില്‍ സര്‍ക്കാര്‍ അനങ്ങാത്തതുമാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയെ ചൊടിപ്പിക്കുന്നതും.

pinarayi vijayan, pattayamela, idukki, cpm

ഇടുക്കിയിലെ പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഈറ്റില്ലമായിട്ടു പോലും കട്ടപ്പനയില്‍ നടന്ന പട്ടയമേളയില്‍  സമിതി ഭാരവാഹികളാരും തന്നെ പങ്കെടുക്കാതിരുന്നതും ഈ ഭിന്നത മറനീക്കുന്നതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്‍ഡിഎഫ വന്നാലുടന്‍ പട്ടയവിഷയത്തില്‍ പരിഹാരമുണ്ടാകുമെന്നും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കു പട്ടയം ലഭ്യമാക്കുമെന്നതുമായിരുന്നു സമിതി ഉയര്‍ത്തിയ മുദ്രാവാക്യം. എന്നാല്‍ ഈ വിഷയങ്ങളില്‍ പരിഹാരം കാണാനാവാത്തത് സമിതിയുടെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യുന്ന തരത്തിലേക്കു മാറിയിരിക്കുകയാണ്. ഇത് സി പി എമ്മുമായുളള സമിതിയുടെ ബാന്ധവത്തെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വേണമെങ്കിൽ ആ ബന്ധം പുനപരിശോധിക്കാമെന്ന നിലപാടുളളവരും സമിതിയിലുണ്ട്.​ഇതാണ് സി പി എമ്മിന് ഹൈറേഞ്ചിലുണ്ടാക്കിയ പിന്തുണ നഷ്ടമാകുമോ എന്ന ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ