കൊച്ചി: മത്തി കുറയുന്നതിന് പിന്നിലെ സൂക്ഷ്മ രഹസ്യങ്ങൾ തേടി ഗവേഷകർ. മത്തിയുടെ ലഭ്യതയിൽ അടിക്കടിയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ കാരണങ്ങൾ കൃത്യമായി മനസ്സിലാക്കാൻ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ ഗവേഷകർ ഓഗസ്റ്റ് ആറിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒത്തുകൂടും. മത്തിയെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളേതെന്ന് തിരിച്ചറിയാനും മതിയായ കരുതൽ നടപടികൾ സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് വിദഗ്ധർ ചർച്ച നടത്തുന്നത്. കാലാവസ്ഥാവ്യതിയാനം, സമുദ്രപ്രതിഭാസം, മത്തിയുടെ ജൈവശാസ്ത്രം, സാമൂഹിക-സാമ്പത്തികകാര്യങ്ങൾ എന്നീ മേഖലയിലുള്ള വിദഗ്ധർ ചർച്ചയിൽ പങ്കെടുക്കും.
മത്തിയുടെ ലഭ്യതയെ പ്രധാനമായി സ്വാധീനിക്കുന്നത് എൽനിനോ-ലാനിനാ പ്രതിഭാസമാണെന്ന് സിഎംഎഫ്ആർഐ അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മത്തിയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും സിഎംഎഫ്ആർഐ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ നിലനിൽക്കുന്ന മത്തിക്ഷാമം സിഎംഎഫ്ആർഐയുടെ കണ്ടെത്തലുകളെ ശരിവെക്കുന്നതാണെങ്കിലും, കടലിലെ സൂക്ഷ്മ പാരിസ്ഥിതിക ഘടകങ്ങൾ ഏതൊക്കെ രീതിയിലാണ് മത്തിയെ ബാധിക്കുന്നതെന്ന് ഇനിയും വ്യക്തമായി കണ്ടെത്തെണ്ടേയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് മറ്റ് സ്ഥാപനങ്ങളിലെ ഗവേഷകരെ കൂടി പങ്കെടുപ്പിച്ച് ചർച്ച നടത്തുന്നത്.
എൽനിനോക്ക് പുറമെ, വിവിധ സമുദ്രപ്രതിഭാസങ്ങളായ ജലോപരിതലത്തിലെ ഊഷ്മാവ്, ഉൽപാദനക്ഷമതിയിലെ ഏറ്റക്കുറച്ചിലുകൾ, അപ്വെല്ലിംഗ് എന്നിവ ഏതൊക്കെ രീതിയിലാണ് മത്തിയെ ബാധിക്കുന്നതെന്നതിനെ കുറിച്ച് വിദഗ്ധർ ചർച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ട്, വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംയുക്ത പഠനങ്ങളുടെ സാധ്യതകൾ യോഗം ചർച്ച ചെയ്യും. മത്തിയുടെ കുറവ് ഏതൊക്കെ രീതിയിൽ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക നിലവാരത്തെ ബാധിക്കുമെന്നതും പഠനവിധേയമാക്കും. മത്തിയുടെ ലഭ്യത സുസ്ഥിരമായ രീതിയിൽ നിലനിർത്തുന്നതിനുള്ള മത്സ്യബന്ധനനരീതികൾ വികസിപ്പിക്കൽ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം എന്നിവയും ചർച്ചാവിഷയമാകും.
സിഎംഎഫ്ആർഐക്ക് പുറമെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി, ഹൈദരാബാദിലെ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയിസ്), ഐഎസ്ആർഒയുടെ കീഴിലുള്ള സ്പേസ് അപ്ലിക്കേഷൻസ് സെന്റർ, പൂനയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. സിഎംഎഫ്ആർഐ തയ്യാറാക്കിയ ‘മത്തി എന്ന മത്സ്യസമസ്യ’ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും.
ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങൾ പോലും മത്തിയുടെ വളർച്ചയെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. സിഎംഎഫ്ആർഐയുടെ കണക്ക് പ്രകാരം മത്തിയുടെ ലഭ്യതയിൽ കഴിഞ്ഞ വർഷം കേരളത്തിൽ 39 ശതമാനമാണ് കുറവുണ്ടായത്.