കൊച്ചി. ലോകപ്രസിദ്ധമായ കശ്മീരി കുങ്കുമപ്പൂവ് നിയന്ത്രിത അന്തരീക്ഷത്തില്‍ വിരിയിപ്പിച്ച് വെള്ളായണി കാര്‍ഷിക കോളജ്. ‘ചുവന്ന സ്വര്‍ണം’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധ വ്യഞ്ജനങ്ങളില്‍ ഒന്നാണ് കശ്മീരി കുങ്കുമപ്പൂവ്.
കോളജിലെ പ്ലാന്റ് ബയോടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്മിതാ ഭാസി നേതൃത്വം നൽകിയ പഠനത്തിന്റെ ഭാഗമായാണ് കുങ്കുമപ്പൂവ് പരീക്ഷണശാലയിൽ നിയന്ത്രിത അന്തരീക്ഷത്തിൽ വിരിയിച്ചത്.
കോളേജ് ഡീൻ ഡോ. റോയി സ്റ്റീഫന്റെ പ്രോത്സാഹനത്തിൽ വകുപ്പ് മേധാവി ഡോ. കെ. ബി സോണിയും പ്രൊഫ. ഡോ. സ്വപ്ന അലക്സും ഗവേഷണ വിദ്യാർത്ഥി മിധു കൃഷ്ണയും ഉൾപ്പെട്ട ടീമാണ് ഈ നേട്ടം കൈവരിച്ചത്.
വിത്തിനായുള്ള കിഴങ്ങ് കാശ്മീരിലെ കർഷകരിൽ നിന്നാണ് ലഭ്യമാക്കിയത്. പഠനത്തിന് കാശ്മീർ കാർഷിക സർവകലാശാല മാർഗനിർദ്ദേശങ്ങൾ നൽകി. നിയന്ത്രിത അന്തരീക്ഷത്തിലായിരുന്നതിനാല് ചെടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കാലാവസ്ഥ കൃത്യമായി ക്രമീകരിക്കണ്ടി വന്നു.
പഠനത്തിന് ഉപയോഗിച്ച വിത്തുകൾ നൂറ് ശതമാനവും മുളയ്ക്കുകയും വളരുകയും ചെയ്തതായാണ് അറിയാന്‍ കഴിഞ്ഞത്. ടിഷ്യു കൾച്ചറിലൂടെ ടെസ്റ്റ് ട്യൂബിനുള്ളിൽ പൂവിരിയിക്കുന്നതിനുള്ള ശ്രമവും (ഇൻ-വിട്രോ ഫ്ലവറിങ്) ഫലം കണ്ടു. ടിഷ്യൂ കൾച്ചറിലൂടെ വിത്ത് ഉൽപ്പാദിപ്പാക്കാനുള്ള ഗവേഷണവും ആരംഭിച്ചു.
വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിന് കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ വേണം. അതിനായി വിവിധ ഗവേഷണ പദ്ധതികൾ തയ്യാറാക്കി ഫണ്ടിംഗ് ഏജൻസികളെ സമീപിക്കാന്‍ കോളജ് അധികൃതരുടെ തീരുമാനം.
പഠനം ഫലം കണ്ടാൽ വിവിധ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ കുങ്കുമപ്പൂവിന്റെ ഈ കൃഷി രീതി കേരളത്തിലും സാദ്ധ്യമാകുമെന്ന് ഡോ. സ്മിതാ ഭാസി പറഞ്ഞു. നിലവിൽ കുങ്കുമപ്പൂവിന് കിലോഗ്രാമിന് രണ്ട് ലക്ഷം രൂപ വരെ വിലയുണ്ട്.