കൊച്ചി: കാലാവസ്ഥാ വ്യതിയാനംമൂലമുള്ള പ്രശ്‌നങ്ങള്‍ കേരളത്തിലും വര്‍ധിച്ചുവരുന്നതിനിടെ കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ സംസ്ഥാനത്തു തന്നെ ആദ്യമായി ഗവേഷണ കേന്ദ്രം തുടങ്ങുന്നു. മൂന്നാര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് കാമ്പസിലാണ് കാലാവസ്ഥ വ്യതിയാന പഠന രംഗത്തെ ആദ്യ ഗവേഷണ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുക. മൂന്നാര്‍ എന്‍ജിനീറിങ് കോളേജ്, മദ്രാസ് ഐഐടി, സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് മൂന്നാറില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്.

കാറ്റിന്റെ വേഗവും ശക്തിയും അന്തരീക്ഷത്തിലെ മാറ്റങ്ങളും എളുപ്പത്തില്‍ രേഖപ്പെടുത്താനാവുന്ന സ്ഥലത്താണ് മൂന്നാര്‍ എന്‍ജിനീയറിങ് കോളേജ് സ്ഥിതിചെയ്യുന്നതെന്നും അതുകൊണ്ടാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ മൂന്നാര്‍ എന്‍ജിനീയറിങ് കോളജ് തന്നെ തിരഞ്ഞെടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കി. ഭൂമി ശാസ്ത്രപരമായ സവിശേഷതകളും കാറ്റിന്റെ ഏറ്റക്കുറച്ചിലുകളും അന്തരീക്ഷ താപനിലയിലെ മാറ്റങ്ങളും സംബന്ധിച്ച് അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗവേഷണം നടത്താനാണ് പുതിയ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കെട്ടിടങ്ങള്‍ മദ്രാസ് ഐഐടിയുടെ സഹകരണത്തോടെ ഹാബിറ്റാറ്റാണ് നിര്‍മിക്കുക. കാലാവസ്ഥാ വ്യതിയാന ഗവേഷണവുമായി ബന്ധപ്പെട്ട് മദ്രാസ് ഐഐടിയും മൂന്നാര്‍ എന്‍ജിനീയറിങ് കോളേജും സംയുക്തമായി കഴിഞ്ഞ മൂന്നുവര്‍ഷമായി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് സ്ഥിര ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. മൂന്നു മാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തീകരിച്ച് കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മൂന്നാര്‍ എന്‍ജീനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജയരാജു മാധവന്‍ വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി 2 മുതല്‍ 22 ദിവസത്തോളമാണ് തുടര്‍ച്ചയായി മൂന്നാറില്‍ മഞ്ഞുവീഴ്ചയും തണുപ്പുമുണ്ടായത്. മൂന്നാറിന്റെ ചിലഭാഗങ്ങളില്‍ താപനില മൈനസ് നാലുവരെയെത്തിയിരുന്നു. കനത്ത മഞ്ഞുവീഴ്ചയില്‍ കണ്ണന്‍ദേവന്‍ പ്ലാന്റേഷന്റെ 888 ഹെക്ടറോളം തേയിലയാണ് കരിഞ്ഞുപോയത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നാണ് കനത്ത തണുപ്പും മഞ്ഞുവീഴ്ചയുമുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ