പാലക്കാട്: പാലക്കാട് മലമ്പുഴയിലെ കുമ്പാച്ചി മലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സൈന്യം രക്ഷപ്പെടുത്തിയ ആര്. ബാബു വീട്ടില്‍ മടങ്ങിയെത്തി. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ബാബുവിനെ ഇന്ന് രാവിലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ബാബുവിനെ ആശുപത്രിക്ക് പുറത്തേക്ക് എത്തിച്ചത്.
“കാല് തെറ്റിയാണ് അപകടത്തില്‍ പെട്ടത്. രാത്രിയില്‍ ഭയമൊന്നും ഉണ്ടായില്ല. എല്ലാം നമ്മുടെ ഒരു ധൈര്യം, അത്ര തന്നെ. എല്ലാവരും വരുന്നതൊക്കെ മലമുകളില്‍ ഇരുന്ന് കാണാമായിരുന്നു. വീട്ടിലെത്തിയാല്‍ ഒന്ന് വിശ്രമിക്കണം, നന്നായി ഉറങ്ങണം. യാത്രകള്‍ പോകുന്നത് തുടരും. എല്ലാവരോടും നന്ദി,” പുഞ്ചിരിച്ചുകൊണ്ട് ബാബു പറഞ്ഞു.
“മോന്റെ തിരിച്ചു വരവിലാണ് ഏറ്റവും സന്തോഷം. ഇതിനായാണ് കാത്തിരുന്നത്. എല്ലാവരോടും നന്ദി പറയുന്നു. ഡോക്ടര്‍മാര്‍, മന്ത്രിമാര്‍, പൊലീസുകാര്‍ എല്ലാവരോടും നന്ദിയുണ്ട്. ഞങ്ങളെ അറിയാത്തവര്‍ പോലും പ്രാര്‍ത്ഥിച്ചിട്ടുണ്ട് എന്ന് വന്ന് പറഞ്ഞപ്പോള്‍ വളരെയധികം സന്തോഷം തോന്നി,” ബാബുവിന്റെ മാതാവ് റഷീദ പറഞ്ഞു.
തന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും ഏറെ ആശ്വാസമുണ്ടെന്നും ബാബു ഇന്നലെ മെഡിക്കല്‍ സംഘത്തിനോട് പറഞ്ഞിരുന്നു. സാധരണ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ ബാബു ആരംഭിച്ചിരുന്നു. ശരീരത്തിലെ മുറിവുകള്‍ ഉണങ്ങി തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.
രണ്ട് ദിവസത്തോളം മലയിടുക്കില്‍ ഒറ്റയ്ക്ക് കഴിഞ്ഞ ബാബുവിനെ സൈന്യത്തിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെയാണ് രക്ഷപ്പെടുത്തിയത്. പിന്നീട് ഹൈലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്തായിരുന്നു ബാബുവിനെ കഞ്ചിക്കോട് എത്തിച്ചത്. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അപകടം ഇങ്ങനെ
തിങ്കളാഴ്ചയാണ് സുഹൃത്തുക്കളായ മറ്റു രണ്ടുപേര്‍ക്കൊപ്പമാണു ബാബു മലകയറാന്‍ പോയത്. ഇവര്‍ രണ്ടുപേരും മലകയറ്റം പാതിവഴിയില്‍ നിര്‍ത്തി തിരിച്ചിറങ്ങി. ബാബു മലയുടെ മുകളിലേക്കു പോയി. കാല്‍തെറ്റി പാറയിടുക്കിലാണു ബാബു വീണത്. വീഴ്ചയില്‍ കാലിന് പരുക്കേറ്റു. വീണ കാര്യം ബാബു തന്നെ ഫോണില്‍ വിളിച്ച് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫൊട്ടോ എടുത്ത് സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു നല്‍കുകയും ചെയ്തു. സുഹൃത്തുക്കൾ മലയ്ക്കു മുകളിലെത്തി മരവള്ളികളും വടവും ഇട്ടു നല്‍കിയെങ്കിലും ബാബുവിനെ കയറ്റാനായില്ല. തുടര്‍ന്ന് ഇവര്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
Also Read: വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷൻ ടി നസിറുദ്ദീൻ അന്തരിച്ചു