തിരുവനന്തപുരം: രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്കെന്നും ഇനി ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള സമയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കും. വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് ഭക്ഷണത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മൊത്തം ക്യാംപുകളുടെ എണ്ണം 5649 ഉം ക്യാംപുകളില്‍ കഴിയുന്നവരുടെ എണ്ണം 724649 ആണെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് മരിച്ചവര്‍ 13 പേരാണ്. രക്ഷപ്പെടുത്തിയത് 22034 പേരെ. ദുരന്തം നേരിടുന്ന കാര്യത്തില്‍ മാതൃകയാവാന്‍ നമുക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി. ഇത്തരം ദുരന്തം ഇനിയും ഉണ്ടായാല്‍ നാമുദ്ദേശിക്കുന്ന രീതിയില്‍ ഇനിയും ഇടപെടാന്‍ സാധിക്കണമെന്നും അതിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും ഉറപ്പും മുഖ്യമന്ത്രി നല്‍കി.

രക്ഷാപ്രവര്‍ത്തനത്തിന് കാണിച്ച ഒരുമയും യോജിപ്പും ദുരിതാശ്വാസത്തിനും നല്‍കണം. നാശനഷ്ടം വലുതായതിനാല്‍ ഒരു സഹായവും സര്‍ക്കാര്‍ വേണ്ടെന്ന് വയ്ക്കില്ല. സര്‍ക്കാരിന് പുറത്തുനിന്നുളള സഹായം മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് അയച്ചാല്‍ മതി. ഇടനിലക്കാരുടെ കൈയ്യില്‍ പണം ഏല്‍പ്പിക്കേണ്ടെന്നും മന്ത്രി. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് മരിച്ചവരുടെ ത്യാഗോജ്ജ്വല ജീവിതത്തെ സര്‍ക്കാര്‍ ഓര്‍ക്കുന്നു. ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുളള ഭാരിച്ച ഉത്തരവാദിത്തം പൂര്‍ണ്ണമായ തോതില്‍ നാം നിലനിര്‍ത്തണം. ഭക്ഷ്യവസ്തുക്കള്‍ക്ക് വില കൂട്ടി വിറ്റതും, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ട എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചതായും മുഖ്യമന്ത്രി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്ല നിലയില്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു. അവരുടെ സേവനം വിലമതിക്കാനാവാത്തത്. ജനങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ച ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ വലിയ പങ്കുവഹിച്ചു. മനുഷ്യസ്‌നേഹത്തിന്റെ ഉജ്ജ്വലമായ സന്ദേശം മനസിലാവാഹിച്ച് വിവിധ മേഖലകളില്‍ ഇടപെട്ട എല്ലാവരുടെയും ത്യാഗോജ്ജ്വല മനസിന്, വിവിധ സേനകളോടും മത്സ്യത്തൊഴിലാളികളോടും സന്നദ്ധ സംഘടനകളോടുമുളള നന്ദി കേരളത്തിന് വേണ്ടി രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി. രാപ്പകലില്ലാതെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ചീഫ് സെക്രട്ടറി മുതല്‍ താഴേ തലം വരെയുളള ജീവനക്കാരോട് നന്ദിയോടെ സ്മരിക്കുന്നു. സര്‍ക്കാരിന്റെ ഇടപെടല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായിച്ച മാധ്യമങ്ങളുടെ സഹായത്തെ നന്ദിയോടെ ഓര്‍ക്കുന്നു. ശുചിത്വം ആരോഗ്യം എന്നിവയില്‍ ജനങ്ങളുടെ ഇടയില്‍ അവബോധം ഉണ്ടാക്കാനുളള ഇടപെടല്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍.

തങ്ങളുടെ സഹോദരങ്ങള്‍ക്ക് സംഭവിച്ച ദുരന്തമായാണ് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഇടപെട്ടത്. തെലങ്കാനയുടെ സഹായം നല്‍കാന്‍ അവിടുത്തെ ആഭ്യന്തര മന്ത്രി ഇവിടെയെത്തി. അതൊരു പ്രത്യേക മനസാണെന്ന് മുഖ്യമന്ത്രി. ഏറ്റവും ഒടുവില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി 10 കോടി രൂപ സഹായം വാഗ്ദാനം ചെയ്തു. മറ്റെന്തെങ്കിലും സഹായം വേണമെങ്കില്‍ അറിയിക്കണമെന്നും മമത ബാനര്‍ജി പറഞ്ഞു. സഹോദര സ്‌നേഹത്തോടെ നമ്മുടെ ദു:ഖങ്ങളില്‍ പങ്കുചേരാനും നേരിട്ടെത്തി സഹായം നല്‍കിയ ഒട്ടേറെ പേരെ ഈ ഘട്ടത്തില്‍ ഓര്‍ക്കുകയും അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്യുന്നു.

പ്രവാസികള്‍ ലോകത്തെവിടെയായാലും നാടിന്റെ ഭാഗമായാണ് ചിന്തിക്കുന്നതും നിലകൊളളുന്നതും. ഈ പ്രളയഘട്ടത്തില്‍ അവര്‍ വലിയ സഹായം വാഗ്ദാനം നല്‍കി. അവരുടെ സ്‌നേഹസമ്പൂര്‍ണ്ണമായ സഹകരണത്തിന് നന്ദി. രാജ്യത്തിന് പുറത്തുളള പ്രവാസികള്‍ സാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ നല്‍കുന്നതിന് പകരം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി. രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രം വിവിധ തരം സഹായങ്ങള്‍ നല്‍കി. കൂടുതല്‍ സഹായധനം നല്‍കുമെന്ന് ഉറപ്പുനല്‍കിയതടക്കമുളള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നന്ദിയോടെ ഓര്‍ക്കുന്നു. ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ഗവര്‍ണറും തയ്യാറായതിനെ പ്രത്യേകം സ്മരിക്കുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് വന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വളളത്തിന്റെ ഇന്ധനത്തിന് പുറമെ 3000 രൂപ വീതം ദിനംപ്രതി നല്‍കും. ദുരിതാശ്വാസത്തിന് വന്ന ബോട്ടുകള്‍ക്ക് വന്ന തകരാര്‍ പരിഹരിക്കാന്‍ തുക നല്‍കും. ബോട്ടുകള്‍ അതേപോലെ തിരിച്ചെത്തിക്കാനും നടപടി സ്വീകരിക്കും. നഷ്ടപ്പെട്ട രേഖകളും പാഠപുസ്തകങ്ങളും ലഭ്യമാക്കാന്‍ ഐടി അധിഷ്ഠിത സംവിധാനത്തിലൂടെ ഇത് ലഭ്യമാക്കും. എല്ലാ കുട്ടികള്‍ക്കും സൗജന്യമായി പുതിയ പാഠപുസ്തകം ലഭ്യമാക്കും. എട്ട് ലക്ഷം പാഠപുസ്തകങ്ങള്‍ അടിച്ചുവച്ചിട്ടുണ്ട്. അത് കെബിപിഎസ് വിതരണം ചെയ്യും. കുട്ടികളുടെ യൂനിഫോം നല്‍കാന്‍ നടപടി.

ഗതാഗത മേഖലയെ ശക്തിപ്പെടുത്തണം. റെയില്‍വെ തടസ്സം നീക്കാന്‍ ഉന്നത റെയില്‍വെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ റെയില്‍വെ പ്രവര്‍ത്തനം നടത്തും. അതോടൊപ്പം റോഡ് ഗതാഗത്തിന്റെ കാര്യത്തില്‍ ദേശീയപാത അതോറിറ്റിയും പിഡബ്ല്യുഡിയും യോഗം ചേര്‍ന്നു. പ്രയാസകരമാണെങ്കിലും എല്ലാ റോഡുകളും പുനസ്ഥാപിക്കും. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ പുനസ്ഥാപിക്കും. റോഡ് തകര്‍ന്ന വകയില്‍ 4421 കോടിയുടെ നഷ്ടം. 221 പാലങ്ങള്‍ പ്രളയത്തില്‍പെട്ട് കേടുപാട് പറ്റി. ഇപ്പോഴും 51 പാലങ്ങള്‍ വെളളത്തില്‍. പുനരുദ്ധാരണത്തിനായി നേരത്തെ ഈ മേഖലയിലേക്ക് നീക്കിവച്ച 1000 കോടി രൂപ ഉപയോഗിക്കും.

ശുചിത്വപ്രവര്‍ത്തനങ്ങള്‍ എങ്ങിനെ നടത്തണമെന്ന് മേല്‍നോട്ടം വഹിക്കാന്‍ എല്ലായിടത്തും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിക്കും. സഹകരിക്കാന്‍ തയ്യാറാകുന്ന എല്ലാ സംഘടനകളും പ്രവര്‍ത്തനത്തില്‍ ഒന്നിച്ച് പങ്കുചേരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പഞ്ചായത്തില്‍ ആറ് പേരെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിക്കും. കൂടുതല്‍ പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ആരോഗ്യവകുപ്പിന്റെ അഡീണല്‍ ചീഫ് സെക്രട്ടറിയും തദ്ദേശസ്വയംഭരണ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും അടങ്ങുന്ന ഉപസമിതി ഈ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കും.

എല്ലാ ദുരിതാശ്വാസ ക്യാംപിലും വനിത പൊലീസിനെ നിയമിക്കും. വീടുകളില്‍ ചളി കെട്ടിക്കിടക്കാനുളള സാധ്യതയുണ്ട്. പകര്‍ച്ചവ്യാധികള്‍ പകരാമെന്ന സാധ്യ പരിഗണിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ഹരിത കേരള മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി നേതൃത്വത്തില്‍ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ