തിരുവന്തപുരം: രാജ്യം 71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ലോകശ്രദ്ധ നേടി കേരളത്തിലെ മനുഷ്യ മഹാ ശൃംഖല. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ഇടതുപക്ഷ ജനാതിപത്യ മുന്നണി നേതൃത്വം നല്‍കുന്ന മനുഷ്യ മഹാ ശൃംഖല. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നേതൃത്വം നല്‍കും.

620 കിലോമീറ്ററായിരിക്കും മനുഷ്യ മഹാ ശൃംഖല. ഏകദേശം 70 ലക്ഷത്തോളം പേര്‍ അണിനിരക്കുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തുന്നത്. ഞായറാഴ്ച ആയതിനാല്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുമെന്നാണ് മുന്നണി വിലയിരുത്തല്‍.

Read Also: Bigg Boss Malayalam 2, January 25 Written Live Updates: ഫുക്രുവിനോട് ദേഷ്യപ്പെട്ട് മോഹൻലാൽ

പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക, ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പിലാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മനുഷ്യ മഹാ ശൃംഖല നടത്തുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും എല്‍ഡിഎഫ് ഇതിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. കാസർകോട് സിപിഎം നേതാവ് എസ്.രാമചന്ദ്രൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്യും.

70 ലക്ഷം പേരെ പ്രതീക്ഷിക്കുന്നതായി എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. രാഷ്ട്രീയ പ്രമുഖരും സാഹിത്യകാരൻമാരും സിനിമാ പ്രവർത്തകരും മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുക്കും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളം. ഡിസംബർ 31 ന് കേരള നിയമസഭയിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യ പ്രമേയം പാസാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ഭരണ പ്രതിപക്ഷ അംഗങ്ങൾ പിന്തുണച്ചു. ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാൽ പ്രമേയത്തെ എതിർത്തിരുന്നില്ല. നിയമഭേദഗതി പിൻവലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടിരുന്നു. കേരളം കൊണ്ടുവന്ന പ്രമേയത്തിന് വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.