scorecardresearch

മന്ത്രി ദേശീയപതാക തലകീഴായി ഉയർത്തിയ സംഭവം; രണ്ട് പൊലീസുകാർക്ക് വീഴ്ച്ചയെന്ന് റിപ്പോർട്ട്

ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കുറ്റക്കാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും പരാമര്‍ശിക്കുന്നതായാണ് വിവരം

Kasaragod, flag hosting controversy

കാസർകോട്: റിപ്പബ്ലിക് ദിനാഘോഷത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്‌ഐ നാരായണന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ബിജുമോന്‍ എന്നിവര്‍ക്കെതിരെയാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി ഐജിക്കും എഡിഎം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും കൈമാറി.

എഡിഎമ്മിന്റെയും ജില്ലാ പൊലീസ് മേധാവിയുടെയും റിപ്പോര്‍ട്ടില്‍ സമാനമായ കണ്ടെത്തലുകളാണ് ഉള്ളത് എന്നാണ് വിവരം. ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കുറ്റക്കാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും പരാമര്‍ശിക്കുന്നതായാണ് വിവരം. വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മന്ത്രിയും വ്യക്തമാക്കിയിരുന്നു.

കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാവിലെ നടന്ന ചടങ്ങിലാണ് ദേശീയ പതാക തലതിരിച്ചുയർത്തിയത്. മന്ത്രി അഹമ്മദ് ദേവർ കോവിൽ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയര്‍ത്തിയതിലെ വീഴ്ച അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനുപിന്നാലെ പാത താഴ്ത്തി ശരിയായ രീതിയിൽ വീണ്ടും ഉയർത്തുകയായിരുന്നു.

കളക്ടറുടെ ചുമതലയുള്ള എഡിഎം എ കെ രമേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന എന്നിവരുടെ സാന്നിധ്യത്തിലാണ് സംഭവം നടന്നത്. ഇതിനുപിന്നാലെയാണ് സംഭവത്തിൽ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്.

Also Read: Republic Day 2022: സാംസ്കാരിക വൈവിധ്യവും സൈനിക ശക്തിയും; പ്രൗഢഗംഭീരമായി റിപ്പബ്ലിക്ക് ഡെ പരേഡ്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Republic day flag hoisting controversy kasaragod enquiry report